കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്റ്റേജ് പരിപാടികള്‍ നടത്തുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി. പരിപാടിയുടെ സ്വഭാവം, തീയതി, വേദി, പങ്കെടുക്കുന്നവര്‍, പരിപാടിയുടെ സ്ക്രിപ്റ്റിന്റെ പകര്‍പ്പ്, പ്രകടനം നടത്തുന്നവരുടെ പേര് തുടങ്ങിയവ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുന്നതാണ് ആദ്യ ഘട്ടം.
വിവരമന്ത്രാലയത്തിലോ, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സിലോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സംഘാടകരുടെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, ആഭ്യന്തരമന്ത്രാലയം, മുനിസിപ്പാലിറ്റി, അഗ്നിരക്ഷാ സേന തുടങ്ങിയ അധികാരികളുടെ അംഗീകാരം തുടങ്ങിയവയും ആവശ്യമാണ്. വിദേശികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം.
സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും, വേദിക്ക് ലൈസന്‍സുണ്ടെന്നും അധികാരികള്‍ ഉറപ്പാക്കണം. ആരോഗ്യമന്ത്രാലയം, അഗ്നിരക്ഷേ സേന അധികാരികളുടെ പരിശോധനങ്ങളും ഉണ്ടായേക്കാം.
കുവൈത്തിന്റെ സാമൂഹ്യ, സാംസ്കാരിക, പൈതൃകങ്ങളുമായി പരിപാടിയുടെ ഉള്ളടക്കം യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിപാടി അവലോകനത്തിന് വിധേയമാകാം. ചില അപേക്ഷകളില്‍ ഫീസ് ചുമത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചെങ്കില്‍ മാത്രമേ പരിപാടിക്ക് അനുമതി ലഭിക്കൂ. ‘വാസ്ത’യിലാണ് മിക്ക സ്റ്റേജ് പരിപാടികളും വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സമൂഹം അനുമതിയില്ലാതെ ഇത്തരത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത 26 പേര് പിടിയിലായിരുന്നു.
മംഗഫിലെ തീപിടിത്തമടക്കമുള്ള സംഭവവികാസങ്ങളാണ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതിന് പിന്നിലെന്നാണ് സൂചന. നിരവധി സ്റ്റേജ് പരിപാടികളാണ് മലയാളി സംഘടനകളടക്കം വരും മാസങ്ങളില്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഔദ്യോഗിക അനുമതിയില്ലാതെ സ്റ്റേജ് പരിപാടികള്‍ സംഘടിപ്പിക്കരുതെന്നാണ് ഈ സാഹചര്യത്തിലുള്ള നിര്‍ദ്ദേശം.