കൽപ്പറ്റ:  മുണ്ടക്കൈ ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ മനുഷ്യ ശരീരങ്ങളിൽ നൂറോളം പേരെ തിരിച്ചറിഞ്ഞ് ആശാവർക്കർ ഷൈജ ബേബി. ഒൻപത് ബന്ധുക്കളെയാണ് ഉരുൾപൊട്ടലിൽ ഷൈജയ്ക്ക് നഷ്ടമായത്.
‘ആ 9 പേർ മാത്രമല്ല, ഇവർ 100 പേരും എന്റെ ബന്ധുക്കളാണ്’- ഷൈജ പറഞ്ഞു. ചൂരൽമലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം ചെയ്ത് കൊണ്ടുപോയത്.
അതുകൊണ്ട് ചൂരൽമലക്കാരെയും അറിയാം. കടബാധ്യത മൂലം 2005 ലാണ് ഷൈജയുടെ ഭർത്താവ് ആത്മഹത്യ ചെയ്തത്. രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേർത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാരാണ്.
കുടുംബശ്രീയാണ് ഷൈജയുടെ ജീവിതം മാറ്റി മറിച്ചത്. ചൈൽഡ് ലൈനിൽ നിന്ന് 2009 ലാണ് ആശാവർക്കറായി ഷൈജയ്ക്ക് ജോലി കിട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
ഇന്ന് ഷൈജയുടെ രണ്ട് മക്കളും വിവാഹിതരായി. 2019 ൽ ഉരുൾപൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. പുലർച്ചെ ഉരുൾപൊട്ടിയപ്പോൾ തന്നെ ഷൈജയ്ക്ക് ഫോൺ കോളുകൾ വന്നു. ഉടൻ തന്നെ ഷൈജ ആരോ​ഗ്യവകുപ്പിനെ വിവരം അറിയിച്ചു. മേപ്പാടി ആശുപത്രിയിലേക്കാണ് ഷൈജ ആദ്യമെത്തിയത്. വൈകാതെ തന്നെ മൃതദേഹങ്ങൾ എത്തിത്തുടങ്ങി.
ആദ്യമെത്തിയ മൃതദേഹം കണ്ട ബന്ധു തിരിച്ചറിയാതെ മടങ്ങി. പിന്നീട് ഈ മൃതദേഹം ഷൈജ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു.
അവരെല്ലാം എൻ്റെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു, അവരെ സഹായിക്കാനുള്ള എൻ്റെ അവസാന അവസരമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു, ഷൈജ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *