യുഎസിലും കാനഡയിലുമായി പ്രായം ചെന്ന 6,500 പേരിൽ നിന്നു $6 മില്യണിലധികം തട്ടിച്ചെടുത്തു എന്ന കേസിൽ ആരോപിതർക്കു സാങ്കേതിക സഹായം നൽകിയതിനു ഇന്ത്യക്കാരനായ വിനോത് പൊൻമാരനു (36) യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് വെർണൻ എസ്. ബ്രോഡറിക് ഏഴു വർഷത്തെ തടവ് ശിക്ഷ നൽകി.
പ്രായം ചെന്നവരുടെ കംപ്യൂട്ടറുകളിൽ വിദൂരതയിൽ നിന്ന് എത്തിപ്പിടിച്ച ശേഷം അവയ്ക്കു തകരാറുണ്ടെന്നു അവരെ ബോധ്യപ്പെടുത്തുകയും പിന്നീട് റിപ്പയർ ചെയ്തു എന്നു വരുത്തി പണം പിടുങ്ങുകയും ചെയ്യുന്ന തട്ടിപ്പാണ് പൊൻമാരൻ ഉൾപ്പെട്ട സംഘം നടത്തിവന്നത്. കംപ്യൂട്ടറുകൾ തകരാറൊന്നും ഇല്ലാത്തവ ആയിരുന്നു എന്നതു കൊണ്ട് റിപ്പയറും നടത്തിയിട്ടില്ല.
കുറ്റം സമ്മതിച്ചിരുന്ന പൊൻമാരൻ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാൽ മൂന്നു വർഷം സൂപ്പർവിഷനിൽ കഴിയണം. $6,110,884 പിഴയുമുണ്ട്.2015 മാർച്ചിനും 2018 ജൂലൈക്കും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നതെന്നു കോടതി രേഖകളിൽ പറയുന്നു. ഇന്ത്യയിൽ നിന്നു തട്ടിപ്പു സംഘത്തിനു സാങ്കേതിക സഹായം നൽകുകയാണ് പൊൻമാരൻ ചെയ്തിരുന്നത്.
പൊൻമാരന്റെ കൂട്ടുപ്രതികളായ റോമാനാ ലേവ്യ, ആരിഫുൾ ഹക്ക് എന്നിവർ 2022ൽ കുറ്റം സമ്മതിച്ചിരുന്നു. ലേവ്യയ്ക്കു 100 മാസത്തെ തടവും $4,679,586 പിഴയും ലഭിച്ചു. ഹക്കിനു ഒരു വർഷവും ഒരു ദിവസവും തടവും $470,672 പിഴയും.