അങ്കോല: കർണാടക അങ്കോലയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെയും രണ്ട് കർണാടക സ്വദേശികളേയും കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. കാലാവസ്ഥ അനുകൂലമായതും ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിക്കുന്നത്.
ദൗത്യ സംഘത്തിനൊപ്പം മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘവും പുഴയിൽ തിരച്ചിലിനെത്തും. രാവിലെ എട്ട് മണിയോടെ തിരച്ചിൽ ആരംഭിക്കാൻ കഴിയുമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സൈൽ പറഞ്ഞു.
ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക. തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എം.പി സ്ഥിരീകരിച്ചു. ഇന്നലെ അർജുന്റെ കുടുംബത്തെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് അർജുന്‍റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞിരുന്നു. തിരച്ചിൽ എന്ന് പുനരാരംഭിക്കുമെന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മൽപെ അറിയിച്ചതായും ജിതിൻ പറഞ്ഞിരുന്നു. ജില്ലാ കലക്ടർ, സ്ഥലം എം.എൽ‌.എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് എം.കെ. രാഘവൻ എം.പി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുകയും തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തത്.‌‌ ഇക്കാര്യം എം.എൽ.യുമായി കഴിഞ്ഞദിവസം സംസാരിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ട് അർജുന്റെ ബന്ധുക്കളെ വിവരമറിയിക്കാമെന്ന് എം.എൽ.എ അറിയിച്ചതെന്നും വി.ഡി സതീശനും പറഞ്ഞിരുന്നു.
ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനെ കാണാതായത്. അർജുനായുള്ള തിരച്ചിൽ ഒമ്പതാം ദിവസം എത്തിയപ്പോഴാണ് ട്രക്ക് പുഴയിലുള്ള മൺകൂനയിലുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ കനത്ത അടിയൊഴുക്ക് കാരണം രക്ഷാസംഘത്തിന് പുഴയ്ക്കടിയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തേണ്ടിവന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *