തുരങ്കപാതയും പ്രത്യാഘാതമുണ്ടാക്കും, കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നു, ദുരന്തത്തിന് കാരണങ്ങളേറേ: ഗാഡ്ഗിൽ

മുബൈ: അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകൻ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടൻ നടപ്പാക്കേണ്ടതാണെന്നും തന്‍റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ പോലെയുള്ള സമാന പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മാധവ് ഗാഡ്ഗില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടൽ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പലതിനും പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. സംസ്ഥാനത്തെ 85ശതമാനം ക്വാറികളും അനധികൃതമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇതിനുപിന്നിലെ അഴിമതി അവസാനിപ്പിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. ദുരിതം അനുഭവിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ സംഘടിക്കുന്നത്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ നിയന്ത്രണം അനിവാര്യമാണ്.

റിസോര്‍ട്ട് ടൂറിസവും വികസനവുമൊക്കെ നിയന്ത്രണത്തിന് തടസമില്ലാതെ നടപ്പാക്കാവുന്നതാണ്. പ്രാദേശിക തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചുള്ള ഇത്തരം ഉദാഹരണങ്ങള്‍ സിക്കിമ്മില്‍ അടക്കമുണ്ട്. പക്ഷേ ഇവിടെ ടൂറിസം മേഖല സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാണ്.ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത വരുന്നതും ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലയ്ക്കിടയിലൂടെയാണ്. തുരങ്ക നിര്‍മ്മാണവും സമാന പ്രത്യാഘാതം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാറകളെ ദുര്‍ബലമാക്കും. തുരങ്ക നിര്‍മാണത്തിനായി പാറപൊട്ടിക്കല്‍ ഉള്‍പ്പെടെയുണ്ടാകും.

ഇത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത വര്‍ധിപ്പിക്കും.മുണ്ടക്കൈ, ചൂരല്‍മല മേഖലയിൽ ഉരുള്‍പൊട്ടൽ ഉണ്ടായത് ശക്തമായ മഴ പെയ്യുന്ന സ്ഥലത്താണ്. കുന്നിൻ ചെരിവുകളുള്ള പ്രദേശമാണ്. പുത്തുമലയിലും സമാനമായ കുന്നുകളാണുള്ളത്. ഈ പ്രദേശങ്ങളില്‍ സ്വഭാവിക വിളകള്‍ നശിപ്പിച്ച് പ്ലാന്‍റേഷൻ വിളകളുടെ കൃഷി വ്യാപകമാക്കി. അതുകാരണം ആവശ്യത്തിന് വെള്ള ഭൂമിയിലേക്ക് ഇറങ്ങുന്നില്ല. പ്രദേശത്തേ ജലാശയങ്ങളില്‍ കൃത്യമായ അളവില്‍ വെള്ളമില്ല. പക്ഷേ അപ്പോഴും പ്രളയസാധ്യത നിലനില്‍ക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം പാറകളുടെ ഘടന മാറ്റി.

ഇതെല്ലാം ഇപ്പോഴത്തെ ഈ വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് വഴിവെച്ചു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാൻ സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴോക്കെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. തെറ്റായ വിവരങ്ങളുടെയും പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് പ്രതിഷേധങ്ങളുണ്ടായത്. പക്ഷേ ഇപ്പോള്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ജനം മനസില്ലാക്കുന്നുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ജനപങ്കാളിത്തമുള്ള ക്യാമ്പയിനുകളുടെയും പദ്ധതികളുടെയും നല്ല മാതൃക കേരളത്തിലുണ്ടായിരുന്നു. അത്തരം ക്യാമ്പയിനുകള്‍ വീണ്ടും സജീവമാക്കേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണ മേഖലയില്‍യഥാര്‍ത്ഥ വൈദഗ്ധ്യമുള്ളവരുടെ അഭാവം കേരളത്തിലുണ്ട്. ഇപ്പോള്‍ വൈദഗ്ധ്യം അവകാശപ്പെടുന്നവരെല്ലാം വ്യാജന്മാരാണ്. ജനങ്ങള്‍ തന്നെയാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടത്. അവര്‍ക്കാണ് അതിന് കഴിയുക. സര്‍ക്കാരും സംവിധാനങ്ങളും അത് ചെയ്യില്ല. വനംവകുപ്പ് ശരിക്കും വനം സംരക്ഷിക്കുകയല്ല ചെയ്യുന്നത്.

പലയിടത്തും ജനങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറായ സര്‍പ്പക്കാവുകളെ ജനങ്ങളാണ് സംരക്ഷിക്കുന്നതെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടൻ നടപ്പാക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. തന്‍റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നു. സാധ്യമായ എല്ലാ പഠനങ്ങളും വസ്തുതകളും മനസിലാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പശ്ചിമഘട്ടത്തിനായും പരിസ്ഥിതിക്കായും സാധാരണ ജനങ്ങള്‍ക്കായും പോരാട്ടം തുടരുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

കാണാതായവർക്കായി തെരച്ചില്‍ ആറാം നാളിലേക്ക്; മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന, സുരേഷ് ഗോപി ഇന്ന് വയനാട്ടിൽ

By admin