കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലും ചാലിയാർ പുഴയിലും തിരച്ചിൽ പുനഃരാരംഭിക്കും.
ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയായിരിക്കും ഇന്നു മുതല്‍ പരിശോധന. തിങ്കളാഴ്ചയോടെ തിരച്ചിൽ അവസാനിപ്പിക്കാനാണ് സാധ്യത. ദൗത്യം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 88 പേരാണ് ചികിത്സയിലുള്ളത്. 215 പേരാണ് വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണ് കഴിയുന്നത്.