ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയെ വധിച്ചത് മുറിയില്‍ സ്ഥാപിച്ച റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ച്. ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി ഉപയോഗിക്കുന്ന മുറിയില്‍ ഇതിനായി രണ്ടു മാസം മുന്‍പേ ബോംബ് സ്ഥാപിച്ചിരുന്നു. യുഎസിലെയും പശ്ചിമേഷ്യയിലെയും സുരക്ഷാ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഹനിയ വധം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടത്.ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തശേഷം ടെഹ്റാനിലെ വസതിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു ഹനിയ കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തിലാണു മരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇസ്രേലി രഹസ്യാന്വേഷണ ഏജന്‍സി മൊസാദാണ് കൊലയ്ക്കു പിന്നിലെന്ന് ഇറാനും ഹമാസും ആരോപിച്ചെങ്കിലും ഇസ്രയേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെയാണ്, ഹനിയ വധം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയെന്ന് യുഎസ് പത്രം വെളിപ്പെടുത്തുന്നത്.ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹനിയയെ മറ്റേതെങ്കിലും വിദേശരാജ്യത്തെത്തുമ്പോള്‍ കൊലപ്പെടുത്താനായിരുന്നു പദ്ധതി. ഇറാനിലെത്തുമ്പോള്‍ ഹനിയ പതിവായി താമസിച്ചിരുന്നത് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്‍റെ സമുച്ചയത്തിലാണ്. ഇവിടെയാണ് ഇറാന്‍ സേനയുടെ സുപ്രധാന യോഗങ്ങള്‍ നടന്നിരുന്നത്. രാജ്യത്തെത്തുന്ന പ്രധാന അതിഥികളെ ഇറാന്‍ താമസിപ്പിച്ചിരുന്നതും ഇവിടെയാണ്.ഇവിടെ ഹനിയ ഉപയോഗിച്ചിരുന്ന മുറിയില്‍ രണ്ടു മാസം മുന്‍പേ ബോംബ് സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഹനിയയെത്തിയപ്പോള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഇതു പ്രവര്‍ത്തിപ്പിച്ചു. സ്ഫോടനത്തില്‍ ഹനിയയും അംഗരക്ഷകനും കൊല്ലപ്പെട്ടു. മുറിയുടെ ഭിത്തിയും ജനാലകളും തകര്‍ന്നു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ഇതിന്‍റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നു ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഒരു വിവരവും കിട്ടിയിട്ടില്ലെന്നാണു യുഎസ് നയതന്ത്രജ്ഞന്‍ ആന്‍റണി ബ്ളിങ്കന്‍ പറയുന്നത്.ഇറാന്‍റെ സുരക്ഷാ സംവിധാനങ്ങളിലും ചാരന്മാരെ സൃഷ്ടിക്കാന്‍ ഇസ്രേലി ഏജന്‍സിക്കു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ സേനയുടെ നിയന്ത്രണത്തിലുള്ള സമുച്ചയത്തിലെ സുപ്രധാനമായ മുറിയില്‍ ഒരു ബോംബ് രണ്ടു മാസത്തോളം എങ്ങനെ സൂക്ഷിച്ചുവെന്നതാണ് ആഗോള സുരക്ഷാ ഏജന്‍സികളെ അമ്പരപ്പിക്കുന്നത്.മിസൈലാക്രമണത്തിലാണു ഹനിയ മരിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, മുറിക്കുള്ളില്‍ നിന്നാണു സ്ഫോടനമെന്ന് ഇറാന്‍ പിന്നീട് സ്ഥിരീകരിച്ചു. ഹനിയ വധത്തിനു പ്രതികാരം ചെയ്യുമെന്ന ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പ്രഖ്യാപനം മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്.അതിനിടെ, ഖത്തറിലെത്തിച്ച ഹനിയയുടെ മൃതദേഹം ഇന്നലെ ദോഹയില്‍ വന്‍ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തില്‍ കബറടക്കി. തുര്‍ക്കി, ലെബനന്‍, യെമന്‍, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ലുസൈലിലെ പള്ളിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.