കൊച്ചി: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇക്കാലമത്രയും കൈക്കൊണ്ടത് നിഷേധാത്മക നിലപാടുകളെന്നും വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഉത്തരവിട്ടപ്പോഴും അത് ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിട്ടില്ലെന്നും ഡ.ബ്ല്യു.സി.സി (വിമന്‍ ഇന്‍ സിനിമ കളക്ടീവ്).
റിപ്പോര്‍ട്ട് പുറത്തു വിടുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ കാര്യമല്ല, കോടതിക്കാര്യമാണെന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. 
സര്‍ക്കാര്‍ ഈ നിലപാട് തിരുത്തണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വരികയും അതിന്മേല്‍ നടപടികളുണ്ടാവുകയും വേണം. അത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. ഭരണഘടന അനുശാസിക്കുന്ന നീതിനിര്‍വഹണത്തിലെ ലംഘനമാണ്. 
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറില്‍ അഞ്ചു വര്‍ഷം തികയും. റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരാനോ അത് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാന്‍ സര്‍ക്കാറോ സിനിമയില്‍ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയാറുമല്ല. സിനിമയിലെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളം എന്തു വലിയ പരാജയമാണെന്ന് ഈ കാത്തിരുപ്പ് ഓര്‍മിപ്പിക്കുന്നു.
നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷന്റെ നിര്‍ദേശം. അന്യായങ്ങള്‍ ചെയ്തവരെ സുരക്ഷിതരാക്കി നിര്‍ത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കുരുക്കഴിക്കുക എന്നത് ഡ.ബ്യു.സി.സിയുടെ മാത്രം കാര്യമാണെന്ന മട്ടില്‍ മൗനം പൂണ്ടിരിക്കുകയാണ് സിനിമയിലെ സംഘടനകള്‍.
അവര്‍ക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. സിനിമയിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരെയും തങ്ങളുടെ കുടക്കീഴില്‍ അണിനിരത്തിയിട്ടുള്ള ഈ സംഘടനാ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന മൗനം അന്യായമാണ്.
സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമാണത്. സിനിമ നിയമവിധേയമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറ്റിയെടുക്കാന്‍ ഈ സംഘടനകളുടെ നിഷേധാത്മക നിലപാട് ഇന്നൊരു തടസമാണ്. അവരത് മാറ്റിയേ തീരൂവെന്നും ഡ.ബ്ല്യു.സി.സി. അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *