തിരുവനന്തപുരം: മാവോയിസ്റ്റ് നേതാക്കളും പ്രവർത്തകരും ഒന്നൊന്നായി പിടിയിലായതോടെ, കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി ഒഴിയുകയാണ്. കേരള, തമിഴ്നാട്, കർണാടക വനമേഖലയിലെ അതിർത്തി പ്രദേശമായ ട്രൈ ജംഗ്ഷനിൽ തമ്പടിച്ചാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയിരുന്നത്. വയനാട്, കണ്ണൂ‌ർ, മലപ്പുറം, കാസർകോട് ജില്ലകളിലെല്ലാം ആക്രമണങ്ങളുണ്ടായി. വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനീദളത്തിനായിരുന്നു കേരളത്തിലെ പ്രവർത്തനങ്ങളുടെ ചുമതല. ഈ ദളത്തിലെ നേതാക്കളായ സോമൻ, മൊയ്തീൻ എന്നിവരെല്ലാം പിടിയിലായി. ചില നേതാക്കളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇതോടെ കേരളത്തിൽ മാവോയിസ്റ്റുകളുടെ അംഗ സംഖ്യ കുറഞ്ഞു.
സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി അംഗം മലപ്പുറം പാണ്ടിക്കാട് വളരാട് ചെറുകപ്പള്ളി വീട്ടിൽ സി പി മൊയ്തീനെ (49 വയസ്സ് ) കേരള പോലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ആലപ്പുഴ  മാരാരിക്കുളത്തുവച്ച് അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ സംഭവം.
കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്യുന്നുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. നക്സൽബാരി പ്രവർത്തനങ്ങൾക്കിടയിൽ സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ ഇയാളുടെ വലതു കൈപ്പത്തി നഷ്ടപ്പെട്ടിരുന്നു. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള മാവോയിസ്റ്റ് നേതാവാണ് മൊയ്തീൻ.
കണ്ണൂർ ജില്ലയിലെ അമ്പായത്തോട് ജംഗ്ഷനിൽ മൊയ്തീൻ ഉൾപ്പെടെ നാലു പ്രതികൾ തോക്കുമായി വന്ന് നിരോധിത സംഘടനയുടെ പ്രവർത്തനം നടത്തിയ കേസിലാണ് അറസ്റ്റ്. 2014 മുതൽ വിവിധ കേസുകളിൽപെട്ട് ഒളിവിലായ ഇയാൾ നിലവിൽ 36 കേസുകളിൽ പ്രതിയാണ്. 2019ൽ വൈത്തിരിയിൽ വച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപിഐ (മാവോയിസ്റ്റ്) നേതാവ് സി പി ജലീലിന്റെ സഹോദരനാണ് ഇയാൾ. ഇയാളുടെ മറ്റ് സഹോദരങ്ങളായ സിപി റഷീദും സിപി ഇസ്മയിലും മാവോയിസ്റ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേസുകളിലെ പ്രതികളാണ്.
വയനാട് വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി. ജലീലിന്റെ സഹോദരൻ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ കൽപ്പറ്റ സ്വദേശി സോമൻ, മനോജ്, സന്തോഷ് എന്നിവർ അംഗങ്ങളായുളളതായിരുന്നു കബനീദളം.  തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മാനോജ്(ആഷിഖ്) പൊലീസ് വലയിലായതോടെ കബനീദളത്തിന്റെ അംഗ സംഖ്യ മൂന്നായി ചുരുങ്ങിയിരുന്നു. പിന്നാീലെ മനോജും സോമനും ഇപ്പോൾ ഉസ്മാനും പിടിയിലായി. ഒരു വർഷത്തിനിടെ വയനാട്ടിൽ തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമല പ്രദേശത്തെ വന മേഖല കേന്ദ്രീകരിച്ചാണ് കബനിദളത്തിന്റെ പ്രവർത്തനം. കുഴിബോംബുമായി ബന്ധപ്പെട്ട് പൊലീസ് പ്രദേശം മുഴുവൻ ഇവർക്കായി പരിശോധന കർശനമാക്കിയിരുന്നു.
തണ്ടർബോൾട്ടും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും പോലീസും സംയുക്തമായി മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മാനോജിനെ തീവ്രവാദവിരുദ്ധ സേന  പിടികൂടിയത്.  മനോജ് തന്ത്രപരമായി വനത്തിൽ നിന്ന് ഇറങ്ങി എറണാകുളത്ത് എത്തി, ബ്രഹ്മപുരത്തെത്തി സുഹൃത്തിൽ നിന്ന് പണം വാങ്ങി മടങ്ങുമ്പോഴാണ്പി ടിക്കപ്പെടുന്നത്.
ഇതോടെ കബനിദളത്തിന്റെ നിലനിൽപ്പും പ്രതിസന്ധിയിലായി.  കമ്പമലയിൽ എത്തി തോട്ടം തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ മനോജും ഉൾപ്പെട്ടിരുന്നു. മനോജ് പിടിയിലായതോടെ മാവോയിസ്റ്റുകളുടെ താവളത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം  ലഭിച്ചു.  ഈ സാഹചര്യത്തിൽ താവളം മാറേണ്ടത് കബനിദളത്തിലെ അവശേഷിച്ചവരുടെ ആവശ്യമായി. വനത്തിലുളള മാവോയിസ്റ്റുകൾക്ക് സാധനനങ്ങൾ എത്തിച്ച് നൽകാൻ കൊറിയർമാരായി പ്രവർത്തിച്ചിരുന്ന തമ്പി(അനീഷ്), രാഘവേന്ദ്ര എന്നിവർ നേരത്തെ പിടിയിലായിരുന്നു.
മക്കിമല പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന മാവോയിസ്റ്റുകൾ വനമേഖയോട് ചേർന്ന പ്രദേശത്ത് ഡംപിംഗ് യാർഡുകളിലാണ് സാധനസാമഗ്രികൾ സൂക്ഷിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. ദൗത്യസംഘത്തിന്റെ നീക്കം ഉണ്ടാകുമ്പോൾ ആയുധങ്ങൾ ഉൾപ്പെടെ ഡംപിംഗ് യാർഡുകളിലേക്ക് മാറ്റും. പൊലീസ് പിടിയിലായ മാവോയിസ്റ്റ് സാവിത്രിയും കീഴടങ്ങിയ രാമുവും മക്കിമലയിലെയും പരിസരത്തെയും ഡംപിംഗ് യാർഡുകൾ പൊലീസിന് കാണിച്ചുകൊടുത്തിരുന്നു. മനോജു കൂടി പൊലീസിന്റെ പിടിയിലായതോടെ പ്രവർത്തനങ്ങൾ നിലച്ച മട്ടായി.
ചന്ദ്രു, ഉണ്ണിമായ എന്നിവരെ പേര്യയിൽ നിന്ന് തന്ത്രപരമായി സേന കീഴടക്കിയിരുന്നു. പേര്യ ചപ്പാരത്ത് നടന്ന ഏറ്റ് മുട്ടലിനിടെയാണ് ഇരുവരെയും സേന കീഴടക്കിയത്. കണ്ണൂർ ജില്ലയിലെ ആറളം, കേളകം, കരിക്കോട്ടക്കരി, വയനാട്ടിലെ തലപ്പുഴ, തിരുനെല്ലി പരിധിയിലാണ് കബനിദളത്തിന്റെ പ്രവർത്തന മേഖല.
ഇവർക്കൊപ്പമുണ്ടായിരുന്ന വിക്രംഗൗഡ, സുന്ദരി, ലത, ജയണ്ണ എന്നിവർ ഇപ്പോൾ കബനിദളത്തിലെ സംഘത്തിലില്ല.  കമ്പമലയിലെ കെ.എഫ്.ഡി.സി ഓഫീസ് ആക്രമിച്ച് കൊണ്ടായിരുന്നു മാവോയിസ്റ്റുകൾ ഇവിടെ സാന്നിദ്ധ്യം അറിയിച്ചത്. ശക്തി ക്ഷയിക്കുന്നതോടെയാണ് ആക്ഷനുകൾ നടത്തിയ ഇവർ ശ്രദ്ധ പിടിച്ച് പറ്റുന്നത്. പ്രദേശവാസികളെ സംഘത്തിലേക്ക് ആകർഷിക്കുകയും ഇവരുടെ ലക്ഷ്യമാണ്.  വയനാട്ടിൽ കുഴിബോംബ് സ്‌ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിരുന്നു പിടിയിലായ മാവോയിസ്റ്റ് നേതാവ് മനോജ്. വയനാട്ടിലെ കുഴിബോംബ് സ്ഫോടനത്തിന് ശേഷം മനോജ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ യാത്രാവിവരം ലഭിച്ചതോടെ ട്രെയിനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കേരളത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘടനയുടെ ഗറില്ലാ ആർമിക്കു കീഴിലെ ഭവാനി ദളം  നേരത്തേ പിരിച്ചുവിട്ടിരുന്നു.   പോലീസുമായി പലപ്പോഴായുണ്ടായ ഏറ്റുമുട്ടലിൽ എട്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർ അറസ്റ്റിലാകുകയും ചെയ്തതോടെയാണ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ ആൾബലം കുറഞ്ഞത്. കൊല്ലപ്പെട്ട എട്ടിൽ ആറു പേരും ഭവാനി ദളത്തിന്റെ ഭാഗമായിരുന്നു.
 വെസ്റ്റേൺ ഘട്ടിന്റെ (പശ്ചിമഘട്ട സോണൽകമ്മിറ്റി ) കീഴിൽ നാല് ദളങ്ങളിലായാണ് ഗറില്ല ആർമി പ്രവർത്തിക്കുന്നത്. ഇതിൽ പാലക്കാട്, അട്ടപ്പാടി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭവാനിദളം പിരിച്ചുവിട്ടു. നാടുകാണി, കബനി, ബാണാസുര എന്നിവയാണ് മറ്റ് മൂന്നുദളങ്ങൾ.
ഭവാനിദളത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന എട്ടുപേരിൽ ആറുപേരും വെടിയേറ്റ് മരിച്ചതോടെ ദളം നിഷ്ക്രിയമായി. ഭവാനിദളത്തിന്റെ ഭാഗമായിരുന്ന പലരും പൊലീസ് പിടിയിലായി. സംഘടനയിലേക്ക് പുതിയ റിക്രൂട്ട്മെന്റുകൾ നടക്കുന്നുമില്ല. അതിനിടെ, പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരൻ സിപിഐ (മാവോയിസ്റ്റ് )കേന്ദ്രകമ്മിറ്റിയംഗമായ തെലങ്കാന നൽഗൊണ്ട സ്വദേശി ഹനുമന്തു എന്ന ഗണേഷ് ഉയ്‌കെയാണെന്ന് പോലീസ് കണ്ടെത്തി.  
വയനാട് ഉൾപ്പെടെയുളള മേഖലയുടെ ചുമതലയുളള സഞ്ജയ് ദീപക് റാവു തെലുങ്കാനയിൽ അറസ്റ്റിലായതിനെ തുടർന്നാണ് ഇയാൾക്ക് ചുമതല നൽകിയത്. ഇയാൾ പ്രവർത്തിച്ചിരുന്നത് ദണ്ഡകാരണ്യ സോണൽകമ്മിറ്റിയുടെ ഭാഗമായിട്ടായിരുന്നു. 2013 ൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് നേതാവ് വിസി ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. പശ്ചിമഘട്ട സ്‌പെഷ്യൽ സോണൽകമ്മിറ്റിയുടെ ചുമതലയേറ്റ ഇയാൾ പലതവണ കേരളത്തിലെത്തിയതായാണ് വിവരം. 
കർണാടക, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തൽ.വയനാട്ടിൽ കമ്പമലയിലേതടക്കമുള്ള മാവോയിസ്റ്റ് അതിക്രമങ്ങളുടെ ആസൂത്രണം ഇയാളാണെന്നാണ് സൂചന. ആറളത്ത് വനപാലകർക്ക് നേരെ നടന്ന വെടിവയ്പ്പും ആക്രമണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്നും സൂചനയുണ്ട്.
സി.പി. മൊയ്തീനും അറസ്റ്റിലായതോടെ കേരളത്തിൽ മാവോയിസ്റ്റ് സായുധസേനയുടെ പ്രവർത്തനം അവസാനിക്കുമെന്നു കരുതുന്നു. അന്വേഷണം ശക്തമായതോടെയാണ് ‘കബനീദള’ത്തിലെ അവശേഷിക്കുന്ന നേതാക്കളായ മനോജ്, സോമൻ, സി.പി. മൊയ്തീൻ, സന്തോഷ് എന്നിവർ കഴിഞ്ഞമാസം കാടിറങ്ങിയത്. ഇതിൽ സന്തോഷ് ഒഴികെ ബാക്കിയെല്ലാവരും പിടിയിലായി. സന്തോഷ് കോയമ്പത്തൂരിലുണ്ടെന്നാണു സൂചന. തമിഴ്നാട് അന്വേഷണ ഏജൻസിയായ ക്യു ബ്രാഞ്ചിന്റെ എട്ടുസംഘങ്ങൾ ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ്. 
കബനീദളം, ബാണാസുര ദളം, ശിരുവാണി ദളം, നാടുകാണി ദളം എന്നിങ്ങനെ നാലു ശാഖകളിലായാണ് കേരളത്തിൽ ഇവർ പ്രവർത്തിച്ചിരുന്നത്. ഇവയിലെ പ്രവർത്തകരിൽ മിക്കവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്തു.
കേരള മാവോവാദി ഗറില്ല തലവൻ ബി.ജി. കൃഷ്ണമൂർത്തിയും വയനാട്, കോഴിക്കോട്, കണ്ണൂർ മേഖലയുടെ കബനീദളം കമാൻഡറുമായിരുന്ന സാവിത്രിയും അറസ്റ്റിലായതോടെയാണ് പ്രവർത്തനം മന്ദീഭവിച്ചു തുടങ്ങിയത്. ഇവരുടെ ഭാഗമായി പ്രവർത്തിച്ചിരുന്നവരാണ് മൊയ്തീൻ ഉൾപ്പെടെയുള്ളവർ. ഇവർക്കൊപ്പമുണ്ടായിരുന്ന വയനാട്ടുകാരി ജിഷ കർണാടക മടിക്കേരിയിൽ പ്രവർത്തിക്കുന്ന വിക്രം ഗൗഡയുടെ സംഘത്തിലാണ്. മുൻപ് ജിഷയും കബനീദളത്തിന്റെ ഭാഗമായിരുന്നു. ജിഷ കീഴടങ്ങുമെന്നാണു വിവരം. ഈ സാഹചര്യത്തിലാണ് സായുധസേനയുടെ പ്രവർത്തനം അവസാനിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *