തിരുവനന്തപുരം: 1.80 കോടി വാഹനങ്ങളുള്ള കേരളത്തിലെ അതിസുരക്ഷാ നമ്പർപ്ലേറ്റ് കരാർ നേടാൻ വട്ടമിട്ട് പറക്കുകയാണ്  ഉത്തരേന്ത്യൻ കമ്പനികൾ. കോടികളുടെ ഇടപാടാണ് ഇതിലൂടെ നടക്കുക. ഏതുവിധേനയും കരാർ നേടാനാണ് ശ്രമം.
കമ്പനികളുടെ ഏജന്റുമാർ തലസ്ഥാനത്ത് തമ്പടിച്ചാണ് നീക്കങ്ങൾ നടത്തുന്നത്. 2019 മുതലുള്ള പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് കേന്ദ്രസർക്കാർ നിർബന്ധമാക്കിയതോടെ കമ്പനികൾക്ക് ചാകരയായി. സ്വന്തമായി പ്രിന്റിംഗ് യൂണിറ്റ് തുടങ്ങാതെ സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാനം.
യന്ത്രങ്ങൾ വാങ്ങി സ്വന്തം നിലയ്ക്ക് നമ്പർ പ്ലേറ്റ് നിർമിച്ചുനൽകാനായിരുന്നു മുൻമന്ത്രി ആന്റണി രാജുവിന്റെ തീരുമാനം. മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ്ങ് ആൻഡ് റിസർച്ചിനെ നോഡൽ എജൻസിയായി നിയോഗിക്കുകയും ചെയ്തിരുന്നു.

യന്ത്രസാമഗ്രികൾ വിതരണംചെയ്യാൻ സന്നദ്ധരായ കമ്പനികളിൽനിന്ന് ടെൻഡർ വിളിക്കുകയും ചെയ്തു. എന്നാൽ മന്ത്രി മാറുകയും ഗണേഷ് കുമാർ ഗതാഗത മന്ത്രിയാവുകയും ചെയ്തതോടെ ഈ തീരുമാനം തകിടം മറിഞ്ഞു. അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി നിർത്തിവെക്കാൻ ഗണേഷ്‌കുമാർ ആവശ്യപ്പെട്ടു.

സ്വന്തമായി പ്ലാന്റ് തുടങ്ങേണ്ടതില്ലെന്നും കേന്ദ്ര മാനദണ്ഡപ്രകാരം കുറഞ്ഞനിരക്കിൽ നമ്പർപ്ലേറ്റുകൾ തയ്യാറാക്കുന്ന കമ്പനികൾക്ക് അനുമതി നൽകാമെന്നും ഗണേഷ് തീരുമാനിച്ചു. എന്നാൽ ഇക്കാര്യം രേഖാമൂലം ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കാൻ ഗണേഷ് തയ്യാറായതുമില്ല.
മന്ത്രിയുടെ വാക്കാലുള്ള നിർദേശപ്രകാരം നേരത്തേ തുടങ്ങിയ ടെൻഡർ നടപടികളടക്കം നിർത്താനാവില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണ‌ർ എസ്. ശ്രീജിത്ത് നിലപാടെടുത്തു. ഇതിനിടെ നമ്പർ പ്ലേറ്റുണ്ടാക്കുന്ന കമ്പനികളിൽ നിന്ന് ആഗോള ടെൻഡർ വിളിക്കാൻ ഗണേഷ് തീരുമാനിച്ചു.  

ആഗോള ടെൻഡർ വിളിക്കാൻ നിയമപരമായി കഴിയില്ലെന്ന് ശ്രീജിത്ത് നിലപാടെടുത്തു. സ്റ്റോർ പർച്ചേസ് മാന്വലിന് എതിരാണിതെന്നാണ് ശ്രീജിത്ത് ചൂണ്ടിക്കാട്ടിയത്. അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിനുള്ള പാനലിൽ കേന്ദ്രം18 കമ്പനികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവരിൽ നിന്ന് നേരത്തേ വിളിച്ച ടെൻഡർ മന്ത്രി ഗണേഷിന്റെ ഉത്തരവ് ലംഘിച്ച് തുറന്ന് തുടർ നടപടികൾക്ക് തുടക്കമിട്ടിരുന്നു. എട്ട് കമ്പനികൾ നമ്പർ പ്ലേറ്റിനായി രംഗത്തുണ്ട്. ഇതിനിടെയൊണ് മുൻ ടെൻഡർ റദ്ദാക്കി ആഗോള ടെൻഡർ വിളിക്കാനുള്ള പുതിയ ഉത്തരവ്. 
എന്തായാലും അതിസുരക്ഷാ നമ്പർ പ്ലേറ്റിനായി ആഗോള ടെൻഡർ വിളിക്കാനുള്ള നീക്കം വിവാദത്തിലായിട്ടുണ്ട്. 200 കോടി രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾക്ക് ആഗോള ടെൻഡർ ആവശ്യമില്ല. നമ്പർപ്ലേറ്റ് നിർമ്മാണ യന്ത്രത്തിന്റെ ചെലവ് 2 കോടി രൂപ മാത്രമാണ്.
അംഗീകൃത ഏജൻസികൾക്കും കാർ ഡീലർമാരുടെ കൈയിലും ഈ യന്ത്രമുണ്ട്. സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം പ്രാദേശിക നിർമ്മാണ സാമഗ്രികൾ ലഭ്യമല്ലെങ്കിൽ മാത്രമേ ആഗോള ടെൻഡർ വിളിക്കാനാകൂ.

ചില പ്രത്യേക കേസുകളിൽ വകുപ്പുകൾക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ആഗോള ടെൻഡർ ചെയ്യാമെങ്കിലും ഇതിന് ടെൻഡർ രേഖകളുടെ പകർപ്പ് വിദേശത്തെ 5 ഇന്ത്യൻ എംബസികൾക്കും ഇന്ത്യയിലെ വിദേശ എംബസികൾക്കും നൽകണം.

ബന്ധപ്പെട്ട രാജ്യങ്ങളിൽ അത് പ്രസിദ്ധീകരിക്കാൻ അപേക്ഷയും നൽകണം. ഈ സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നാണ് തലസ്ഥാനത്തെ ചർച്ച.
2019 ഏപ്രിൽ 1ന് മുൻപ് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളാണ് മാറ്റേണ്ടത്. 2019 ഏപ്രിൽ 1ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങൾ നിലവിൽ എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.
തുരുമ്പ് പിടിക്കാത്ത അലുമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിർമിക്കുന്ന നമ്പർ പ്ലേറ്റുകളുടെ വശങ്ങൾ അർധ വൃത്താകൃതിയിലായിരിക്കും. വശങ്ങളിൽ പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഇന്ത്യ എന്ന് പ്രിന്റ് ചെയ്തിരിക്കും.  
നാഷനൽ ഐഡി, ഹോളോഗ്രാം എന്നിവയും ഇന്ത്യൻ മുദ്രയോട് കൂടിയതാണ്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസർ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളിൽ വ്യത്യസ്തമായി മുദ്രണം ചെയ്തിരിക്കും.
സ്നാപ് ലോക്ക് രീതിയിൽ ഘടിപ്പിക്കുന്ന നമ്പർ പ്ലേറ്റുകൾ പെട്ടെന്ന് അഴിച്ചുമാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല. മോഷണം, അപകടം എന്നിവ ഉണ്ടായാൽ വാഹനം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. നമ്പർ പ്ലേറ്റ് മാറ്റണമെങ്കിൽ ഉടമസ്ഥന്റെ സമ്മതപത്രം നിർബന്ധമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *