നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ളതും എന്നാൽ ഒമേഗ 3 ഫാറ്റി ആസിഡ് ശരീരത്തിന് ഉൽപാദിപ്പിക്കാൻ സാധിക്കാത്തവയുമാണ്. അതുകൊണ്ട് തന്നെ ഒമേഗ 3 ഫാറ്റി നമുക്ക് ലഭ്യമാകുന്നത് ഭക്ഷണത്തിൽ കൂടിമാത്രമാണ്. 
ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്തുന്നതിന് ഒമേഗ -3 ആസിഡുകള്‍ നിർണായകമാണ്. ഈ കൊഴുപ്പ് ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്താനും സഹായിക്കും. അതിനാല്‍ ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ് വരണ്ട ചർമ്മത്തിലേയ്ക്ക് നയിച്ചേക്കാം.ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവു മൂലവും അമിത ക്ഷീണം നിങ്ങളില്‍ ഉണ്ടാകാം. 
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തലച്ചോറിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികളിൽ കാണപ്പെടുന്ന (ADHD) ന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്കും വികാസത്തിനും ഒമേഗ 3 ഫാറ്റി ആസിഡ് ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. ഇവയുടെ അപര്യാപ്ത മൂലം മെമ്മറി കുറയാനും, ഏകാഗ്രത കുറയാനും കാരണമാകും. മാനസികാരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവ് ഡിപ്രഷനും ഉത്കണ്ഠയും ഉണ്ടാക്കാം.  
ഒമേഗ -3കൾക്ക് ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം സന്ധിവാതം പോലുള്ള അവസ്ഥകളെ വഷളാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചലനശേഷി കുറയുകയും ചെയ്യും.ഒമേഗ -3 ആസിഡുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഈ ഫാറ്റി ആസിഡുകളുടെ കുറവുണ്ടാകുമ്പോൾ മോശം രക്തചംക്രമണത്തിന് കാരണമാകാം. 
ഒമേഗ-3യുടെ ഒരു തരം DHA, റെറ്റിനയുടെ ഒരു പ്രധാന ഘടകമാണ്. ഇവയുടെ കുറവ് കണ്ണുകൾ വരണ്ടുപോകുന്നതിനും കാഴ്ചക്കുറവിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒമേഗ -3 ആസിഡുകളുടെ കുറവ് മൂലം മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കാം. ഒമേഗ -3 ആസിഡുകളുടെ കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.
ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി, ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കും. 
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഫ്‌ളാക്‌സ് സീഡ്, ചിയാ സീഡ്  സാല്‍മണ്‍ ഫിഷ്,  വാൾനട്സ്, കിഡ്‌നി ബീന്‍സ്,  സോയാ ബീന്‍സ്,അവക്കാഡോ, ഒലീവ് ഓയില്‍ തുടങ്ങിയവയില്‍ നിന്ന് ശരീരത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *