കുമരകം: ശ്രീനാരായണ ഗുരു 1903ല്‍ ശ്രീകുമാരമംഗലം ക്ഷേത്രബാലമുരുക വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം സന്ദര്‍ശിച്ചതിന്റെ സ്മരണക്കായ് കോട്ടത്തോട്ടില്‍ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് ചിങ്ങ മാസത്തിലെ ചതയനാളില്‍ നടത്തുന്ന മത്സര വള്ളംകളിയും സാംസ്‌കാരിക ഘോഷയാത്രയും, വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.
സാംസ്‌കാരിക ഘോഷയാത്രയ്ക്കു മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുന്നതിനും ക്ലബ് യോഗം തീരുമാനിച്ചു.
ഓഗസ്റ്റ് 20 ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മനാളായ ചതയദിനത്തില്‍ ശ്രീകുമാരമംഗലം ക്ഷേത്രം നടത്തി വരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ക്ലബ് പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ് വി.എസ് സുഗേഷും, ജനറല്‍ സെക്രട്ടറി എസ്.ഡി പ്രേജിയും അറിയിച്ചു.
2018 ല്‍ മഹാപ്രളയത്തിലും 2020- 21ലെ കോവിഡ് കാലഘട്ടത്തിലും കുമരകം വള്ളംകളി മാറ്റിവച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ഓണത്തിനു നടത്തും.