കോഴിക്കോട്: വയനാട് ദുരന്തത്തില്‍ മരണം 308 ആയി. ജീവനോടെയുള്ള മുഴുവന്‍ പേരെയും രക്ഷപെടുത്തി എന്ന ഔദ്യോഗിക പ്രഖ്യാപനത്തെ പിന്തുടരുന്ന ചോദ്യം ഇനിയും കാണാമറയത്തുള്ളവർ എവിടെ എന്നതാണ്.
29 കുട്ടികള്‍ ഉള്‍പ്പടെ 240 പേരെ ഇനി കിട്ടാനുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ ശരീര ഭാഗങ്ങളായി കിട്ടിയവർ ഉൾപ്പെടുമോ എന്നതിൽ ഡിഎൻഎ പരിശോധന വേണ്ടി വരും. അതേസമയം ദുരന്ത മേഖലയിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിരിക്കുകയാണ് സൈബർ സെൽ.
ഇതനുസരിച്ച് ദുരന്ത സമയത്ത് ആളുകളുടെ അവസാന ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ദുരന്ത ഭൂമിക്ക് പുറത്താണ് ലൊക്കേഷൻ എങ്കിൽ അതിനനുസരിച്ച് പരിശോധന നീങ്ങും.
ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെട്ടവരുമായും മരിച്ചവരുമായും ലിസ്റ്റ് ഒത്തുനോക്കും. അതിലും ഇല്ലെങ്കിൽ മണ്ണിനടിയിൽ അകപ്പെട്ടവരുടെ പട്ടികയിലേക്ക് ചേർക്കും. ഘട്ടം ഘട്ടമായി ഈ പരിശോധന തുടരുകയാണ്.
അതേസമയം റേഷൻ കാർഡിലെ പേര് വിവരങ്ങൾക്ക് അനുസരിച്ച് കണക്ക് തിട്ടപ്പെടുത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ക്യാമ്പിലുള്ളവരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിച്ച് കഴിയുന്നതോടെ ചിത്രം വ്യക്തമാകും.