കോട്ടയം: ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്നു വിശ്വാസികൾ ഒരിക്കല്‍ ആചരിച്ചും വൈകിട്ടു പിതൃക്കള്‍ക്കു വെള്ളം കുടി ഒരുക്കുകയും ചെയ്യും.
കര്‍ക്കിടക വാവു ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണു വിശ്വാസം. പിതൃക്കള്‍ക്കു പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണു കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണു കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. 
ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്കു സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ചു വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്കു നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.
ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങല്ലൊം ജില്ലയിലെ ക്ഷേത്രങ്ങളില്‍ പൂര്‍ത്തിയായി. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ബലിയിടാനുള്ള സൗകര്യം ക്ഷേത്രങ്ങളില്‍ ഉണ്ടായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും ഇത്തവണ വിപുലമായ ക്രമീകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
കോടിമത ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ രാവിലെ അഞ്ചു മുതല്‍ ബലിതര്‍പ്പണ സൗകര്യങ്ങള്‍ ഒരുക്കും. വെസ്റ്റ് പോലീസ് സ്‌റ്റേഷനു സമീപം കോടിമത കടവില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് തന്ത്രി പി.ആര്‍. ദീപക് മുഖ്യകാര്‍മികത്വം വഹിക്കും.
നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ  4.30ന് നടക്കുന്ന കര്‍ക്കടക വാവുബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ നാഗമ്പടം മണപ്പുറത്ത് പതിനായിരത്തോളം പേര്‍ ബലിതര്‍പ്പണം നടത്തും.
മണപ്പുറത്തു പ്രത്യേക വിരിപന്തല്‍, ബലിത്തറകള്‍ തുടങ്ങിയവയും സജ്ജമായി. കര്‍ക്കടക അമാവാസിയോടനുബന്ധിച്ച് വിശേഷാല്‍ തിലഹവനം, സായൂജ്യപൂജകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്കു ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ തന്ത്രി, ജിതിന്‍ ഗോപാല്‍ തന്ത്രി, മേല്‍ശാന്തി കുമരകം രജീഷ് ശാന്തികള്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.
ആദിത്യപുരം സൂര്യദേവ ക്ഷേത്രസന്നിധിയില്‍  മൂന്നിനു രാവിലെ 5 മുതല്‍ പിതൃതര്‍പ്പണം നടക്കും. കോത്തല ശ്രീ സൂര്യനാരായണപുരം സൂര്യക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലി മൂന്നിന് രാവിലെ 5.30ന് ബലികര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.
പിതൃതര്‍പ്പണ ചടങ്ങുകള്‍ക്കു ക്ഷേത്രം മേല്‍ശാന്തി സാലു ശാന്തി, മോഹനന്‍ ശാന്തി, സുജിന്‍ ശാന്തി, യദു ശാന്തി എന്നിവര്‍ നേതൃത്വം നല്‍കും. പ്രത്യേക വഴിപാടായ തിലഹവനം, സായൂജ്യപൂജ, നമസ്‌ക്കാരം, കൂട്ടനമസ്‌ക്കാരം തുടങ്ങിയവയും നടക്കും.
എസ്.എന്‍.ഡി.പി യോഗം 149ാം നമ്പര്‍ അരീപ്പറമ്പ് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലിയും പിതൃതര്‍പ്പണവും മൂന്നിന് രാവിലെ 6നു നടക്കും. നാലിനു രാവിലെ 9നു മൃത്യുഞ്ജഹോമവും നടക്കും. ക്ഷേത്രം മേല്‍ശാന്തി അരുണ്‍ ശാന്തി എസ്.എന്‍ പുരം കാര്‍മികത്വം വഹിക്കും.
തിരുവഞ്ചൂര്‍ നരിമറ്റം ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ കര്‍ക്കടവാവുബലി തര്‍പ്പണം മൂന്നിനു രാവിലെ 5.30 മുതല്‍ ക്ഷേത്രം മേല്‍ശാന്തി രാഹുല്‍ ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്കു പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
തമ്പലക്കാട് തൃക്കോവില്‍ മഹാദേവക്ഷേത്രത്തില്‍ വെളുപ്പിന് അഞ്ച് മുതല്‍ ബലിയിടാന്‍ അവസരം ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്കു ശേഷം തിലഹോമം, പിതൃനമസ്‌കാരം, വിഷ്ണുപൂജ, സായൂജ്യ പൂജ എന്നീ വഴിപാടുകള്‍ക്കും സൗകര്യമുണ്ട്.
മണ്ണാറക്കയം ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി വെളുപ്പിന് അഞ്ച്  മുതല്‍ ബ്രഹ്മദേവ് പുരോഹിത് വിനോദ് ശര്‍മയുടെ കാര്‍മികത്വത്തില്‍ നടക്കും. വിഷ്ണുപൂജയും തിലഹോമവും നടത്തുന്നതിനും സൗകര്യമുണ്ട്.
തിരുവഞ്ചൂര്‍ ശ്രീ ചമയംകര ദേവീക്ഷേത്രത്തില്‍ കര്‍ക്കടകവാവിനോട് അനുബന്ധിച്ചു രാവിലെ 6 മുതല്‍ ക്ഷേത്രം മേല്‍ശാന്തി പള്ളം ഡോ.അനീഷ് നാരായണന്‍ ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ ബലിതര്‍പ്പണം നടക്കും. പിതൃപൂജ, കൂട്ടനമസ്‌ക്കാരം, ഒറ്റ നമസ്‌ക്കാരം, സുകൃത പൂജ, സായൂജ്യ പൂജ, തിലഹവനം എന്നീ വഴിപാടുകളും നടക്കും.
മാങ്ങാനം കര്‍ക്കിടക വാവുബലി സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 5.30ന് ചടങ്ങുകള്‍ക്കു തുടക്കമാകും. സുധാകര പണിക്കര്‍ രാഗസുധയുടെ നേതൃത്വത്തില്‍ നരസിംഹ സ്വാമി ക്ഷേത്ര ആറാട്ടുകടവിലാണു ചടങ്ങുകള്‍ നടക്കുക.
അയര്‍ക്കുന്നം ഗുരുദേവ ക്ഷേത്രത്തില്‍ മൂന്നിനു രാവിലെ 5.30 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ക്ഷേത്രം മേല്‍ശാന്തി രാജീവ് ശാന്തി നേതൃത്വം നല്‍കും. തിലഹവനം, നമസ്‌കാരപൂജ, ഗുരുപൂജ എന്നിവയും നടക്കും.
പാമ്പാടി ശിവദര്‍ശന ക്ഷേത്രത്തിലെ കര്‍ക്കടകവാവ് ബലിതര്‍പ്പണം മൂന്നിനു രാവിലെ 5 മുതല്‍ നടക്കും. തിലഹവനം, പിതൃപൂജ, പിതൃനമസ്‌കാരം, സായൂജ്യപൂജകള്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. സജി തന്ത്രി, ജഗദീഷ് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കും.
വെള്ളൂത്തുരുത്തി എസ്.എന്‍ഡി.പി യോഗം 1287ാം നമ്പര്‍ വെള്ളൂത്തുരുത്തി ഗുരുദേവ ക്ഷേത്രത്തില്‍ കര്‍ക്കടകവാവുബലിയും പിതൃപൂജയും മൂന്നിന് രാവിലെ 5.30 മുതല്‍ ആരംഭിക്കും. ക്ഷേത്രംമേല്‍ശാന്തി സുമേഷ് ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *