ഐപിഎല്‍ നിയമം ഇവിടെയില്ലേ? ഇന്ത്യ-ലങ്ക ഏകദിനത്തിനിടെ വൈഡ് റിവ്യൂ ചെയ്യാന്‍ രോഹിത്തിനെ നിര്‍ദേശിച്ച് രാഹുല്‍

കൊളംബൊ: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്യുകയാണ് ശ്രീലങ്ക. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിയും ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിയാന്‍ പരാഗിനും റിഷഭ് പന്തിനും ആദ്യ ഏകദിനത്തില്‍ അവസരമില്ല. അഞ്ച് ബാറ്റര്‍മാരും അഞ്ച് ബൗളര്‍മാരും ഒരു ഓള്‍ റൗണ്ടറുമാണ് ഇന്ത്യന്‍ നിരയിലുള്ളത്.

മത്സരത്തിനിടെ രസകരമായ സംഭവമുണ്ടായി. ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ 14-ാം ഓവറില്‍ ശിവം ദുബെയുടെ പന്ത് അംപയര്‍ വൈഡ് വിളിച്ചു.  ലെഗ് സ്റ്റംപിന് പുറത്തേക്കാണ് പന്ത് പോയത്. എന്നാല്‍ ദുബെ കരുതിയത് പന്ത് ബാറ്റിലുരസിയെന്നാണ്. വിക്കറ്റില്‍ കീപ്പര്‍ കെ എല്‍ രാഹുലിന് ബാറ്റിലുരസിയില്ലെന്ന് ഉറപ്പായിരുന്നു. എങ്കിലും വൈഡ് റിവ്യൂ ചെയ്യാനുള്ള സാധ്യത ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ആരായുകയായിരുന്നു രാഹുല്‍. ഐപിഎല്ലില്‍ വൈഡ് റിവ്യൂ ചെയ്യാനുള്ള സാഹചര്യമുണ്ടെങ്കിലും ഇവിടെ അതിന് സാധ്യതയില്ല. ഇതുതന്നെയാണ് രാഹുല്‍ ചോദിച്ചതും. കമന്റേറ്റര്‍മാര്‍ക്ക് രാഹുലിന്റെ സംശയം കണ്ട് ചിരിയടക്കാന്‍ സാധിച്ചില്ല. വീഡിയോ കാണാം…

അതേസമയം, 231 റണ്‍സ് വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. . കൊളംബോ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെയാണ് (65 പന്തില്‍ പുറത്താവാതെ 66) മികച്ച പ്രകടനം പുറത്തെടുത്തത്. 56 റണ്‍സെടുത്ത പതും നിസ്സങ്കയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. എട്ട് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

By admin