വയനാട്: ചൂരല്‍മല വില്ലേജ് ഓഫീസിന് സമീപത്തുനിന്ന് ഇന്ന് രണ്ട് മൃതദേഹവും ഒരു ശരീര ഭാഗവും കണ്ടെത്തി. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താന്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തും. 41 പേരെയാണ് പുഞ്ചിരിമട്ടത്ത് ട്രീവാലി റിസോര്‍ട്ടിന് സമീപത്തുനിന്നും മാത്രം കാണാതായത്.
അതെസമയം ബെയ്ലി പാലം നാടിന് സമര്‍പ്പിക്കുന്നുവെന്ന് സൈന്യം അറിയിച്ചു. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലിപാലം മുണ്ടക്കൈയ്ക്കുള്ളതെന്ന് മേജര്‍ ജനറല്‍ വിനോദ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി എടുക്കും. ഭൂകമ്പം ഉള്‍പ്പെടെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്‌കൂളിന് നിര്‍മ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മാണം നടത്തും.
അതെസമയം, വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തി വിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.