ജിദ്ദ: 2034 ലോകകപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്ക്  ആതിഥേയത്വം വഹിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥിത്വ ഫയല്‍ സൗദി അറേബ്യ ഔദ്യോഗികമായി സമര്‍പ്പിച്ചു. തിങ്കളാഴ്ച, ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍  ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്‌ബോള്‍ (ഫിഫ) സംഘടിപ്പിച്ച ചടങ്ങില്‍ വച്ചായിരുന്നു ഫയല്‍ സമര്‍പ്പണം.
സൗദി കായിക മന്ത്രിയും ഒളിമ്പിക്-പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി രാജകുമാരന്റെ  നേതൃത്വത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മഷാല്‍, സൗദി ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴിലുള്ള പ്രാദേശിക ഫുട്‌ബോള്‍ പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ എന്നിവരും ചേര്‍ന്നാണ് ഫയല്‍ സമര്‍പ്പിച്ചത്.
ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഔദ്യോഗിക നാമനിര്‍ദ്ദേശ നടപടികളുടെ മൂന്നാമത്തെ കാല്‍വെപ്പ് എന്ന നിലയിലായിരുന്നു  രാജ്യാന്തര ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഫുട്ബോളിന് (ഫിഫ) സൗദിയുടെ  സ്ഥാനാര്‍ത്ഥിത്വ ഫയല്‍  സമര്‍പ്പണം.  2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി 2023 ഒക്ടോബര്‍ നാലിനായിരുന്നു സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.   അടുത്ത ഘട്ടമെന്ന നിലയില്‍ സൗദിയുടെ ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച ഐഡന്റിറ്റിയും പ്രസിദ്ധപ്പെടുത്തിയിരുന്നു. 
മൂന്നാം ഘട്ടമെന്ന നിലയിലായിരുന്നു ഫയല്‍ സമര്‍പ്പിച്ചത്. ഫിഫയുടെ ഔദ്യോഗിക പരിശോധനാ സന്ദര്‍ശനങ്ങളും സ്ഥാനാര്‍ത്ഥിത്വ ഫയലിന്റെ പൂര്‍ണമായ വിലയിരുത്തലും ഉള്‍പ്പെടെയുള്ള നിരവധി ഘട്ടങ്ങള്‍ ഇനിയും പൂര്‍ത്തിയാകേണ്ടതുണ്ട്,   ഇതിനെല്ലാം ഒടുവില്‍  2024 ഡിസംബര്‍ 11നായിരിക്കും 2034 ലോകകപ്പിനുള്ള ആതിഥേയ രാജ്യം ഏതെന്ന ഔദ്യോഗിക പ്രഖ്യാപനം.

By admin

Leave a Reply

Your email address will not be published. Required fields are marked *