കല്പറ്റ: രക്ഷാപ്രവർത്തകർ ഉടൻ എത്തുമെന്ന പ്രതീക്ഷയിൽ മരണം മുന്നിൽ കണ്ടുകൊണ്ട് ഓരോ നിമിഷവും തള്ളിനീക്കുകയാണ് മുണ്ടക്കൈയിലെ റിസോർട്ടിൽ കുടുങ്ങിയവർ.
കൂട്ടത്തിലുള്ള പലർക്കും ഗുരുതരമായി പരിക്കേറ്റിരിക്കുകയാണെന്നും ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കേണ്ടതുണ്ടെന്നും റിസോർട്ടിൽ കുടുങ്ങിയ അസ്വാൻ പറഞ്ഞു. മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിലാണ് അസ്വാൻ ഉൾപ്പെടെയുള്ള നൂറ്റമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നത്.
ഇന്നലെ രാത്രി രണ്ട് മണി മുതലാണ് റിസോർട്ടിൽ കുടുങ്ങിയിരിക്കുന്നത്. സംഘത്തിൽ പ്രായമായവും കുട്ടികളും സ്ത്രീകളും ഒരുപാട് രോഗികളുമെല്ലാമുണ്ട്. എങ്ങോട്ടും പോകാൻ പറ്റുന്നില്ല. ഒരു റൂമിനുള്ളിൽ തിങ്ങിക്കഴിയുകയാണ് ഞങ്ങൾ.
അപകടത്തിൽപെട്ട നിരവധി പേരെ രക്ഷപ്പെടുത്തി എത്തിച്ചിട്ടുണ്ട്. വളരെ ഗുരുതരമായി പരിക്കേറ്റവരുടെ മുറിവ് ക്ലീൻ ചെയ്യാൻ മാത്രമേ ഞങ്ങളെകൊണ്ട് ഇപ്പോൾ സാധിക്കുകയുള്ളൂ. അവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പറ്റിയില്ലെങ്കിൽ കുറേ മരണങ്ങൾ കാണേണ്ടിവരും.
ഇന്നലെ മുതൽ ഈ നേരം വരെ ജലപാനം കഴിച്ചിട്ടില്ല. ഒരു കുടുംബത്തിലെ തന്നെ പത്തും പതിനൊന്നും പേരെയാണ് കാണാതായിരിക്കുന്നത്” – അസ്വാൻ പറഞ്ഞു.