ഫഹദ് അഹമ്മദ് ഖാന്‍ സൂരി ജിദ്ദയിൽ പുതിയ ഇന്ത്യൻ കോണ്‍സല്‍ ജനറല്‍

റിയാദ്: ഫഹദ് അഹമ്മദ് ഖാന്‍ സൂരി ജിദ്ദയിൽ പുതിയ ഇന്ത്യൻ കോണ്‍സല്‍ ജനറലായി ആഗസ്റ്റ് 11ന് ചുമതലയേൽക്കും. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയാണ്. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി പൂർത്തിയാക്കി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം. എൻജിനീയറിങ്ങിലും ബിസിനസ്‌ മാനേജ്‌മെൻറിലും ബിരുദം നേടിയ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഇന്ത്യൻ ഫോറിൻ സർവിസിൽ 2014 ബാച്ചുകാരനാണ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടർ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്തിൽ എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Read Also –  വാരിക്കോരി ഭക്ഷണം കൊടുത്തു, ഭാരം 53 കിലോ! അനങ്ങാന്‍ പോലും വയ്യ, കിടന്ന കിടപ്പില്‍ നായ ചത്തു; യുവതി അഴിയെണ്ണും

കൊവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോൾ എയര്‍ ബബ്ള്‍ വന്ദേഭാരത് മിഷന് കീഴിൽ ഒന്നര ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകി. ഈ വർഷത്തെ ഹജ്ജ് വേളയിൽ നിലവിലെ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലത്തോടൊപ്പം ചേർന്ന് ഇന്ത്യൻ ഹാജിമാരുടെ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നേരത്തെ ജിദ്ദയിലെത്തിയിരുന്നു.
ജാര്‍ഖണ്ഡ് സ്വദേശിയായ നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണറേറ്റിലാണ് പുതിയ നിയമനം. അദ്ദേഹം 2010 ഐ.എഫ്.എസ് ബാച്ചുകാരനാണ്. 2012 മുതൽ രണ്ട് വർഷം കെയ്‌റോയിലെ ഇന്ത്യൻ എംബസിയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കെ അറബി ഭാഷയില്‍ അദ്ദേഹം പ്രത്യേക പ്രവീണ്യം നേടിയിരുന്നു. 

2014-15ല്‍ അബുദാബിയിലെ ഇന്ത്യൻ എംബസിയില്‍ സെക്കൻഡ് സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 2015 സെപ്റ്റംബറില്‍ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് ഹജ്ജ് കോണ്‍സലായി എത്തുന്നത്. പിന്നീട് ഡപ്യൂട്ടി കോണ്‍സല്‍ ജനറലായും ചുമതല വഹിച്ചു. ഇതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും 2020 ഒക്ടോബറിൽ അന്നത്തെ കോൺസുൽ ജനറൽ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന് പകരക്കാരനായി ജിദ്ദയിലേക്ക് തിരിച്ചെത്തുകയായിരുന്നു. കോൺസുൽ ജനറലായി മൂന്ന് വർഷം വളരെ ശ്രദ്ധേയമായ സേവനം നിർവഹിച്ച് മടങ്ങുന്ന മുഹമ്മദ് ഷാഹിദ് ആലത്തിന് ഇന്ത്യൻ സമൂഹം വെള്ളിയാഴ്ച വിപുലമായ പരിപാടിയിൽ ഊഷ്മളമായ യാത്രയയപ്പ് നൽകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin