ഭക്ഷണത്തിന് രുചി കൂട്ടാനായി ഉപയോഗിക്കുന്ന കറിവേപ്പിലയെ പലരും എടുത്തു കളയാറുണ്ട്. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. ദിവസവും 5- 6 കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
പ്രമേഹ രോഗികള്‍ക്ക് കുടിക്കാവുന്ന ഒന്നാണ് കറിവേപ്പിലയിട്ട വെള്ളം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കറിവേപ്പില വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയില്‍ ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ കലോറിയും കുറവാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം.
വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പിലയിട്ടെ വെള്ളം കുടിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ബീറ്റാ കരോട്ടിനും അടങ്ങിയ കറിവേപ്പില തലമുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ അകറ്റാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറിവേപ്പിലയിട്ട വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.