കൊല്ലം : കൊല്ലം ഏരൂരിലെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായ അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 14 സി.പി.എം പ്രവർത്തകർക്കും ശിക്ഷ. ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും അഞ്ച് പേർക്ക് ജീവപര്യന്തം കഠിന തടവും രണ്ട് പേർക്ക് മൂന്ന് വർഷം വീതം കഠിന തടവുമാണ് ശിക്ഷ.
എല്ലാ പ്രതികൾക്കുമായി 78 ലക്ഷം രൂപയാണ് പിഴ. നാല് പ്രതികളെ കോടതി വെറുതെ വിട്ടു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. എസ്. രാജീവാണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ രാമഭദ്രന്റെ ഭാര്യ ബിന്ദു, മക്കളായ ആതിര, ആര്യ എന്നിവരും കുടുംബാംഗങ്ങളും എത്തിയിരുന്നു. അഭിഭാഷകയായ ആര്യ വക്കീൽ വേഷത്തിലാണ് വിധികേൾക്കാനെത്തിയത്.
കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ഭാരതീപുരം ബിജുഭവനിൽ ഷിബു, അയത്തിൽ സ്‌നേഹ നഗർ കാവുങ്കൽ സ്വദേശി വിമൽ, നെട്ടയം വരിക്കോലിൽ സുധീഷ് ഭവനിൽ സുധീഷ്, ഭാരതീപുരം 11-ാം മൈൽ കല്ലുംപുറത്ത് വീട്ടിൽ ഷാൻ, അഞ്ചൽ വിളക്കുപാറ രതീഷ്ഭവനിൽ രതീഷ്, അകന്നൂർ ചരുവിള പുത്തൻ വീട്ടിൽ ബിജു, പട്ടത്താനം കാവുതറ പടിഞ്ഞാറ്റിൽ രഞ്ജിത് എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം കഠിന തടവ്.
പുറമെ വിവിധ വകുപ്പുകളിലായി 18 വർഷവും ഒമ്പത് മാസവും കഠിന തടവും ഏഴ് ലക്ഷം രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവും അനുഭവിക്കണം. എല്ലാം കൂടി ഒരുമിച്ച് അനുഭവിച്ചാൽ മതി.
ഗൂഡാലോചനയിൽ പങ്കാളികളായ ഏരൂർ കോണത്ത് ജംഗ്ഷൻ സീനഭവനിൽ ഗിരീഷ് കുമാർ, പള്ളികിഴക്കതിൽ പുത്തൻ വീട്ടിൽ അഫ്‌സൽ, ഭാരതീപുരം കുഞ്ഞുവയൽ റജീന മൻസിലിൽ നജുമൽ, നെട്ടയം പാലോട്ടുകോണം ചരുവിളപുത്തൻ വീട്ടിൽ കൊച്ചുണ്ണി എന്ന സലിൽ, അരകന്നൂർ മേലെകുരന്ത്ര സ്വദേശി മുനീർ എന്ന റിയാസ് എന്നിവർക്ക് ജീവപര്യന്തം കഠിന തടവിന് പുറമെ അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം.
പാർട്ടി മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും ഇപ്പോൾ ബി.ജെ.പി വാർഡ് കൗൺസിലറും പുനലൂർ എം. എൽ.എ പി. എസ് സുപാലിന്റെ ജേഷ്ഠ സഹോദരനുമായ ഏരൂർ ശ്രീനിവാസിൽ സുമൻ, മുൻ ഏരിയാ സെക്രട്ടറിയും ഇപ്പോൾ ജില്ലാ കമ്മറ്റി അംഗവുമായ അഞ്ചൽ ഇടമുളക്കൽ സ്വദേശിയുമായ ബാബു പണിക്കർ എന്നിവരെ മൂന്ന് വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചു.
കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാർക്‌സൺ യേശുദാസ്, റിയാസ്, റോയിക്കുട്ടി എന്നിവരെ കോടതി വെറുതെ വിട്ടു. പ്രതികളിൽ പലരെയും അറസ്റ്റ് ചെയ്ത, ഇപ്പോഴത്തെ കൊല്ലം ക്രൈംബ്രാഞ്ച് ഡി വൈ. എസ്.പി വിനോദ് കുമാർ അടക്കം നിരവധി സാക്ഷികൾ കൂട്ടത്തോടെ കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയെങ്കിലും കോടതി 18 പ്രതികളിൽ 14 പേരെയും ശിക്ഷിച്ചു. പിഴത്തുകയിൽ 50 ലക്ഷം രൂപ രാമഭദ്രന്റെ ഭാര്യ ബിന്ദു, മക്കളായ ആതിര, ആര്യ എന്നിവർക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2010 ഏപ്രിൽ 10 ന് രാത്രി 9നാണ് രാമഭദ്രൻ ആക്രമിക്കപ്പെട്ടത്. ഭാര്യയോടും മക്കളോടുമൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികൾ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് ആക്രമിച്ചത്. പ്രാണരക്ഷാർത്ഥം പുറകിലത്തെ വാതിൽ വഴി ഓടിയ രാമഭദ്രനെ പിന്തുടർന്ന് എത്തിയ അക്രമികൾ വീടിന് പുറക് വശത്തുവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്.
രാമഭദ്രൻ സി. പി.എമ്മിൽ നിന്ന് പ്രവർത്തകരെ കോൺഗ്രസിലേക്ക് എത്തിക്കുന്നതിൽ പാർട്ടിക്ക് കടുത്ത വിരോധം ഉണ്ടായിരുന്നു. ഇതിനിടെ ഏപ്രിൽ നാലിന് നെട്ടയത്തെ ഉത്സവവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും പാർട്ടി പ്രവർത്തകർക്ക് സ്വയം പ്രതിരോധ മുറകൾ അഭ്യസിപ്പിക്കുന്നയാളുമായ ഒന്നാം പ്രതി ഗിരീഷ് കുമാർ ആക്രമിക്കപ്പട്ടതിന്റെ വിരോധത്താലാണ് പ്രതികൾ രാമഭദ്രനെ വകവരുത്തിയത്. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടർ ഷാ ദാസ് ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *