മുംബൈ: ഇരുപതുകാരിയെ കാമുകൻ കുത്തിക്കൊന്ന് മൃതദേഹം റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
നവി മുംബൈയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നാണ് ഉറാൻ സ്വദേശി യശശ്രീ ഷിൻഡെയുടെ മൃതദേഹം കണ്ടെത്തുന്നത്. കാണാനില്ലെന്ന പരാതിയിൽ യുവതിക്കായി തിരച്ചിൽ നടക്കുന്നതിനിടയിലാണ് മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.
ഉറാൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പുലർച്ചെ രണ്ട് മണിയോടെ ലഭിച്ച വിവരത്തിനടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നതെന്ന് നവി മുബൈ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ വിവേക് പൻസാരെ പറഞ്ഞു.
ശരീരത്തിൽ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊല ചെയ്യപ്പെട്ടത് എന്ന് വ്യക്തമാക്കുന്ന സൂചനകളാണിതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു. കൊല്ലപ്പെട്ട യുവതി 25 കിലോമീറ്റർ അകലെയുള്ള ബേലാപൂരിലാണ് ജോലി ചെയ്തിരുന്നത്.
പ്രണയബന്ധം തകർന്നതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ കാമുകനെയും പെൺകുട്ടിക്കൊപ്പം കാണാതായിരുന്നു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.