പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു.
ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു. 45 മിനിറ്റ് നീണ്ടുനിന്ന രാഹുലിന്റെ പ്രസംഗത്തിനിടയിൽ സഭയിൽ ബഹളം ശക്തമായി.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തിൽ ആറു പേർ ചേർന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുങ്ങി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം.
ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടിൽ, താമരയുടെ പ്രതീകാത്മക രൂപത്തിൽ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു. അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്’ രാഹുൽ പറഞ്ഞു.
‘ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ, അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.
അവർ അഭിമന്യുവിനെ കൊന്ന പോലെ രാജ്യത്തെയും കൊല്ലും, യുവാക്കൾ, സ്ത്രീകൾ, കർഷകർ എല്ലാം ആ ചക്രവ്യൂഹത്തിൽ പിടയുകയാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു.