തിരുവനന്തപുരം: കേരളത്തിലെ 12 യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരെ വൈസ്ചാന്‍സലര്‍മാരാക്കാനുള്ള നീക്കം പൊളിക്കാനും മിക്കയിടത്തും ഉത്തരേന്ത്യയില്‍ നിന്നുള്ള സമര്‍ത്ഥരായ അക്കാഡമിക് വിദഗ്ദ്ധരെ വി.സിമാരാക്കാനുമാണ് ഗവര്‍ണര്‍ ഒരുങ്ങുന്നത്.
ആറ് യൂണിവേഴ്‌സിറ്റികളിലെ വി.സി. നിയമനത്തിന് ഗവര്‍ണര്‍ ഇറക്കിയ സെര്‍ച്ച് കമ്മിറ്റി ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. സ്റ്റേ നീക്കിയെടുക്കാന്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകാനാണ് ഗവര്‍ണറുടെ തീരുമാനം. സ്റ്റേ നീക്കിയെടുത്ത് സ്വന്തം നിലയില്‍ വി.സി നിയമനം നടത്താനാണ് നീക്കം.
സെപ്റ്റംബറില്‍ കാലാവധി തീരുംമുമ്പേ സര്‍ക്കാരിന് പണികൊടുക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍. സര്‍വകലാശാലാ വി.സിമാരായി സര്‍ക്കാരിന്റെ ഇഷ്ടക്കാരെ നിയമിക്കുന്നത് തടയുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ താത്പര്യങ്ങളും വി.സി. നിയമനത്തില്‍ പരിഗണിക്കപ്പെട്ടേക്കും.
ഉത്തരേന്ത്യക്കാരായ ബി.ജെ.പി, ആര്‍.എസ്.എസ്. അനുഭാവികളായ അധ്യാപകരും അക്കാഡമിക് വിദഗ്ധരും കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ വി.സിമാരായി വരുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. അങ്ങനെയായാല്‍ നിയമനങ്ങള്‍, പണം ചെലവിടല്‍, സിലബസ് പരിഷ്‌കരണം എന്നിവയിലൊന്നും സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടില്ല.
ഈ അപകടകരമായ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സി. നിയമനങ്ങള്‍ നടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആറിടത്ത് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരേ അവിടങ്ങളിലെ സെനറ്റ് അംഗങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുത്തത്. എന്നാല്‍ വി.സി നിയമനം തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഇതില്‍ സര്‍ക്കാരിന് ഒരു റോളുമില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി സ്റ്റേ നീക്കിയെടുക്കാനാണ് ഗവര്‍ണറുടെ ശ്രമം.
അതിനിടെ, ഗവര്‍ണറെ പൂട്ടാനുള്ള സര്‍ക്കാരിന്റെ മറ്റൊരു ശ്രമം കോടതിയില്‍ ചീറ്റിയിരുന്നു. കേരള സര്‍വകലാശാലാ സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നാല് വിദ്യാര്‍ത്ഥികളെ നാമനിദ്ദേശം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കാതിരുന്നതോടെയാണിത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. നാമനിര്‍ദ്ദേശം സംബന്ധിച്ച ഫയലും വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങളും പരിശോധിച്ചശേഷമാണ് സ്റ്റേ നിരസിച്ചത്. .ബി.വി.പിക്കാരെയാണ് നാമനിര്‍ദ്ദേശം ചെയ്തതെന്ന് ആരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ് ഹര്‍ജി നല്‍കിയത്.
അതത് മേഖലയില്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെയാണ് നാമനിര്‍ദ്ദേശം ചെയ്തതെന്ന് ഗവര്‍ണര്‍ക്കായി ഹാജരായ അഡ്വ.എസ്. ശ്രീകുമാര്‍ കോടതിയെ അറിയിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് 29ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാനാകും.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെപ്തംബറില്‍ കാലാവധി കഴിഞ്ഞാലും കേരളത്തില്‍ തുടരാന്‍ സാദ്ധ്യതയേറെയാണെന്ന് വിലയിരുത്തപ്പെടുന്നു. അഞ്ചുവര്‍ഷ കാലയളവിലേക്കോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പ്രീതിയുള്ളടത്തോളമോ ആണ് ഗവര്‍ണര്‍ക്ക് തുടരാനാവുക. അതിനാലാണ് അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കും മുന്‍പുതന്നെ ഗവര്‍ണര്‍മാരെ മാറ്റുന്നത്.
കാലാവധി കഴിഞ്ഞാലും പുതിയ ഗവര്‍ണറെ നിയമിക്കും വരെ ആരിഫ് മുഹമ്മദ് ഖാന് തല്‍സ്ഥാനത്ത് തുടരാനാവും. 73കാരനായ ആരിഫ് ഖാന്‍ നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായി ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറിനാണ് നറുക്ക് വീണത്. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ഖാന്‍, പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ഉന്നത ബി.ജെ.പി. നേതാക്കളുമായും ഉറ്റബന്ധമുള്ളയാളാണ്. താന്‍ പതിറ്റാണ്ടുകളായി ആര്‍.എസ്.എസാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെ 22-ാം ഗവര്‍ണറായി 2019 സെപ്റ്റംബര്‍ ആറിനാണ് ഖാന്‍ ചുമതലയേറ്റത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി തുടര്‍ന്നാല്‍ സര്‍ക്കാരിന് കൂടുതല്‍ തലവേദനയുണ്ടാകും.