തിരുവനന്തപുരം: മൂന്നു തവണയിലേറെ കുടിശിക വന്നാൽ ജപ്തി നടപടിയുടെ പേരിൽ സാധാരണക്കാരെ കുടിയിറക്കാൻ ഇനി ബാങ്കുകൾക്ക് കഴിയില്ല. ജപ്തിയിൽ ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബില്ലിന് ഗവർണർ ഉടൻ അംഗീകാരം നൽകും.
ജനക്ഷേമത്തിനുള്ള ബിൽ തടഞ്ഞുവയ്ക്കേണ്ട ഒരു ആവശ്യവുമില്ലെന്ന് വിലയിരുത്തിയാണ് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും ആശ്വാസത്തിനുമായി ജപ്തിയിൽ ഇടപെടാൻ ഇത്തരമൊരു നിയമം രാജ്യത്ത് തന്നെ ആദ്യത്തേതാണ്.
ജപ്തി നടപടി നേരിട്ട ഭൂമിയുടെ ഉടമ മരിച്ചുപോയാൽ അവകാശികൾക്ക് ഭൂമി തിരിച്ചുകിട്ടാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. 20 ലക്ഷം രൂപ വരെയുള്ള ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. മനസാക്ഷിയില്ലാത്ത ജപ്തി നടപടിക്കിരയായി ആത്മഹത്യ വരെ ചെയ്യുന്ന ദയനീയ സാഹചര്യം ഒഴിവാക്കാൻ സർക്കാരിന് ഇതോടെ കഴിയും.
ജപ്തി നടപടിക്കിട വരുത്തുന്ന വായ്പാ കുടിശികയിൽ കാൽലക്ഷം വരെ തഹസിൽദാർക്കും ഒരു ലക്ഷം വരെ ജില്ലാകളക്ടർക്കും അഞ്ചു ലക്ഷം വരെ റവന്യൂ മന്ത്രിക്കും 10 ലക്ഷം വരെ ധനമന്ത്രിക്കും 20 ലക്ഷം വരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാന സർക്കാരിനും ഇടപെട്ട് ജപ്തി നടപടി താൽക്കാലികമായി നിറുത്തി വയ്ക്കാൻ നിയമ ഭേദഗതി അധികാരം നൽകുന്നു.
സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാറിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാം. എന്നാൽ, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന ‘സർഫാസി ആക്ട്’ പ്രകാരമുള്ള ജപ്തിയിൽ ഇടപെടാനാവില്ല.
പുതിയ നിയമം വരുന്നതോടെ റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികൾ നീട്ടി വയാക്കാനും കൂടുതൽ ഗഡുക്കളായി വായ്പാതുക തിരിച്ചയ്ടക്കാനും സാവകാശം ലഭിക്കും. നേരത്തെ തഹസിൽദാർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് വായ്പാ തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ കഴിയുമായിരുന്നു. എന്നാൽ, ജപ്തി നീട്ടി വയ്ക്കാൻ പറ്റില്ലായിരുന്നു.
ഇക്കാര്യത്തിൽ റവന്യൂ, ധനമന്ത്രിമാർ ഇറക്കിയ ഉത്തരവ് ബാങ്കുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇല്ലാത്ത നിയമത്തിന്റെ പേരിൽ ജപ്തി നടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് നിർദേശിച്ച കോടതി, ആവശ്യമെങ്കിൽ നിയമം നിർമിക്കാൻ സർക്കാറിനോട് നിർദേശിച്ചു. അപ്പീൽ സമർപ്പിച്ചെങ്കിലും ഇതും തള്ളിയിരുന്നു.
പുതിയ നിയമത്തിൽ, ജപ്തി നടപടി തടയാനാകുമെന്ന് മാത്രമല്ല പിഴപ്പലിശയുൾപ്പെടെ 12%ൽ നിന്ന് 9% ആയി കുറയ്ക്കാനും ഗഡുക്കളായി തിരിച്ചടക്കാനും കഴിയും. ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വിൽപന നടത്താൻ ഉടമയ്ക്ക് അവസരം. വാങ്ങുന്നയാളും വിൽക്കുന്നയാളും ചേർന്ന് നിശ്ചിത ഫോറത്തിൽ ജില്ലാകളക്ടർക്ക് അപേക്ഷ നൽകിയാൻ വിൽപന രജിസ്റ്റർ ചെയ്യാനാകും.
ജപ്തി ചെയ്യപ്പെട്ട ഭൂമി അഞ്ചു വർഷത്തിനുള്ളിൽ തുക ഒരുമിച്ചോ, ഗഡുക്കളായോ അടച്ച് ഉടമയ്ക്ക് തിരിച്ചെടുക്കാം. ഇത്തരം സാഹചര്യത്തിൽ വസ്തു ഉടമ മരണപ്പെട്ടാൻ അവകാശികൾക്ക് ഭൂമി തിരികെയെടുക്കാൻ അവസരം നൽകുന്ന വ്യവസ്ഥയും പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെതുടർന്ന് ഉൾപ്പെടുത്തി.
ജപ്തികൾക്കെതിരെ ജനരോഷമുയർന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് നടപടികൾ തടഞ്ഞിരുന്നു. എന്നാൽ സർക്കാരിന് ഇതിന് അധികാരമില്ലെന്ന ബാങ്കുകളുടെ വാദം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം ഭേദഗതി നിയമം കൊണ്ടുവന്നത്.നിയമം പ്രാബല്യത്തിലാകുന്നതോടെ ജപ്തി നടപടികൾക്ക് മോറട്ടോറിയം നൽകാൻ സർക്കാരിനാകും.
അഞ്ച് വർഷത്തേക്ക് ഭൂമി വില്പന നടത്താതെ പിടിച്ചുവയ്ക്കാം. അതിനുള്ളിൽ വായ്പാ കുടിശിക അടച്ചുതീർത്താൽ ഉടമയ്ക്കോ അവകാശികൾക്കോ ഭൂമി തിരിച്ചു നൽകാനും വായ്പാ തുകയെക്കാൾ കൂടുതലാണ് ഭൂമിയുടെ വിലയെങ്കിൽ അതിനാവശ്യമായ ഭൂമി മാത്രം ജപ്തിക്ക് വിട്ടുകൊടുക്കാനും കളക്ടർക്ക് അധികാരം നൽകുന്നതുമാണ് നിയമത്തിന്റെ സവിശേഷത.
രണ്ടു ജില്ലകളിലാണ് സ്വത്തെങ്കിൽ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കളക്ടറെ അറിയിക്കാനും നടപടികൾക്ക് അധികാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വായ്പാക്കുടിശികയുടെ പലിശ 12%ൽ നിന്ന് 9% ത്തിലേക്ക് താഴ്ത്താനും വായ്പാ കരാറിൽ അതിലും താഴെയാണ് പലിശ നിരക്കെങ്കിൽ അതുമാത്രമേ ഈടാക്കാൻ പാടുള്ളുവെന്നും നിർദ്ദേശിക്കുന്നു.
കുടിശിക തവണകളായി അടയ്ക്കാൻ നിർദ്ദേശിക്കാനും സർക്കാരിന് അധികാരം കിട്ടും. എന്നാൽ സർഫാസി ആക്ട് പ്രകാരമുള്ള ജപ്തികളിൽ ഇടപെടാൻ നിയമത്തിനാകില്ല. അഞ്ചു ലക്ഷം വരെയുള്ള വായ്പാ കുടിശികയ്ക്ക് ഗ്രാമങ്ങളിൽ ഒരേക്കറും നഗരത്തിൽ അരയേക്കറും വരെയുള്ള കൃഷിഭൂമിയെയാണ് ഒഴിവാക്കുക.
കടക്കാരന്റെ ഏക കിടപ്പാടം ആയിരം ചതുരശ്ര അടിയിൽ കുറവാണെങ്കിൽ ജപ്തി പാടില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തും. ജപ്തി നടത്തുന്നതിന് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതും തടയും.