ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന കന്നഡ നടൻ ദർശൻ്റെ ഭാര്യ വിജയലക്ഷ്മി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. കേസിൽ ദർശനു നേരെ അനീതിയുണ്ടായിട്ടുണ്ടെങ്കിൽ സഹായിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിജയലക്ഷ്മി ഡി കെ ശിവകുമാറിനെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ടത്.
രേണുകസ്വാമി വധക്കേസിൽ ദർശനും സുഹൃത്ത് പവിത്ര ഗൗഡയും 15 കൂട്ടാളികളും ഇപ്പോൾ ജയിലിലാണ്. മകൻ വിനീഷ് തൂക്കുദീപയെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മി തന്നെ കാണാന്‍ വന്നതെന്ന്‌ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശിവകുമാർ പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള സ്കൂളിലായിരുന്നു ദർശന്റെയും വിജയലക്ഷ്മിയുടെയും മകൻ വിനീത് പഠിച്ചിരുന്നത്. എന്നാല്‍ കുട്ടിയെ പിന്നീട് മറ്റൊരു സ്‌കൂളിലേക്ക് മാറ്റി. ഇപ്പോള്‍ വീണ്ടും തന്റെ സ്‌കൂളില്‍ മകനെ ചേര്‍ക്കാന്‍ വിജയലക്ഷ്മി ആഗ്രഹിക്കുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.
“അവര്‍ ഞങ്ങളുടെ സ്കൂളിൽ വീണ്ടും അഡ്മിഷൻ തേടി വന്നു. പ്രിൻസിപ്പൽ പ്രവേശനം നിഷേധിച്ചതിനാൽ അവര്‍ എന്നെ കാണാന്‍ വന്നു. പരീക്ഷ ഉൾപ്പെടെ നിരവധി നടപടിക്രമങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഞാൻ പ്രിൻസിപ്പലുമായി സംസാരിക്കാമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്”-ശിവകുമാര്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *