കൊച്ചി: ഇന്തോനേഷ്യയിലെ പെര്‍റ്റാമിന മണ്ഡലിക ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന 2024 എഫ്‌ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടിന് സജ്ജരായി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഈ വാരാന്ത്യത്തിലാണ് മത്സരങ്ങള്‍. ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ തുടര്‍ന്ന് ഏഷ്യാ പ്രൊഡക്ഷന്‍ 250 സിസി വിഭാഗത്തില്‍ ആകെ 12 പോയിന്റുമായാണ് ഇന്ത്യന്‍ ടീം നാലാം റൗണ്ടിലേക്കിറങ്ങുന്നത്.
മത്സരത്തിന്റെ അവസാന റൗണ്ട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ഹോണ്ട റേസിങ് ടീം അംഗം കാവിന്‍ ക്വിന്റല്‍ പറഞ്ഞു. അപ്രതീക്ഷിതമായി ബൈക്കിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തനിക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല. പിഴവ് മനസിലാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിലാണ് ഇക്കുറി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാലാം റൗണ്ടില്‍ കൂടുതല്‍ ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാവിന്‍ ക്വിന്റല്‍ കൂട്ടിച്ചേര്‍ത്തു.
ജപ്പാനിലെ അവസാന റൗണ്ട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും വിലപ്പെട്ട പാഠങ്ങള്‍ ഉള്‍ക്കൊള്ളാനായെന്ന് സഹതാരം മൊഹ്സിന്‍ പറമ്പൻ പറഞ്ഞു. മത്സരത്തിലുടനീളം സ്ഥിരത നിലനിർത്താനും തന്ത്രപരമായ നീക്കങ്ങള്‍ നടത്താനുമാണ് ശ്രദ്ധിച്ചത്. നിര്‍ണായകമായ പ്രകടനത്തില്‍ സ്വന്തം ടീമില്‍ നിന്നുള്ള പിന്തുണക്ക് ഏറെ നന്ദിയുണ്ടെന്നും മലയാളി താരം പറഞ്ഞു.