ഡല്‍ഹി: തന്റെ ഏഴാം ബജറ്റ് അവതരണത്തിനായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി രാഷ്ട്രപതി ദൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് കേരളം പ്രതീക്ഷിക്കുന്നത്. സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖ വികസനത്തിന് 5,000 കോടി രൂപയുടെ പദ്ധതി തുടങ്ങിയവയാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍. ദീര്‍ഘകാല ആവശ്യമായ എയിംസിലും കേരളം പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളത്തിന് എയിംസ് അനുവദിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് എന്ന കേരളത്തിന്റെ പ്രധാനപ്പെട്ട ആവശ്യവും കേന്ദ്രത്തിന്റെ മുന്നിലുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലെ നഷ്ടം നികത്താന്‍ കേന്ദ്രം സഹായിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. 
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ അനുബന്ധ വികസനങ്ങള്‍ക്ക് പണം വേണം. 5,000 കോടി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും 1,000 കോടിയെങ്കിലും കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ് തുറമുഖമായ വിഴിഞ്ഞത്തോട് കേന്ദ്രത്തിന് അത്രഎളുപ്പം മുഖം തിരിക്കാനാവില്ലെന്നാണ് കരുതപ്പെടുന്നത്. 
റബ്ബറിന്റെ താങ്ങുവില വര്‍ധന, കോഴിക്കോട് വയനാട് തുരങ്ക പാത, റെയില്‍വേ നവീകരണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ കേരളം കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. ഇതില്‍ ഏതെല്ലാം പരിഗണിക്കപ്പെടുമെന്നാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *