ഗ്രാമഹൃദയങ്ങള്‍ കീഴടക്കാന്‍ ബിഎസ്എന്‍എല്‍ 4ജി; അതിവേഗം ബഹുദൂരം മുന്നോട്ട്
ദില്ലി: രാജ്യത്ത് 4ജി കണക്റ്റിവിറ്റി എത്തിക്കാന്‍ അതിവേഗ ശ്രമങ്ങളുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍. സാച്ചുറേഷന്‍ പദ്ധതിയുടെ കീഴില്‍ ഗ്രാമപ്രദേശങ്ങളില്‍ 1000 4ജി സൈറ്റുകള്‍ ബിഎസ്‌എന്‍എല്‍ ഇതിനകം സ്ഥാപിച്ചു. സാധാരണ ഗ്രാമങ്ങളില്‍ അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം എത്തിക്കാനുള്ള ബിഎസ്‌എന്‍എല്ലിന്‍റെ പദ്ധതിയാണ് സാച്ചുറേഷന്‍ പ്രൊജക്‌ട്. 26,316 കോടി രൂപ മുടക്കി 24,680 ഗ്രാമങ്ങളില്‍ 4ജി സേവനം എത്തിക്കുന്ന പദ്ധതിയാണിത്.
പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അതിവേഗം 4ജി സൗകര്യം വ്യാപിപ്പിക്കുകയാണ്. നിലവില്‍ ബിഎസ്എന്‍എല്ലിന് മാത്രമാണ് ഇന്ത്യയില്‍ 4ജി കണക്റ്റിവിറ്റി ഇല്ലാതിരുന്നത്. സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് ടെലിമാറ്റിക്‌സ്, തേജസ് നെറ്റ്‌വര്‍ക്ക്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്‌എന്‍എല്‍ 4ജി സേവനം ഒരുക്കുന്നത്. 26,316 കോടി രൂപ മുടക്കി 24,680 ഗ്രാമങ്ങളില്‍ 4ജി സേവനം എത്തിക്കുന്നതിന് പുറമെ നിലവിലുള്ള ടവറുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ബിഎസ്‌എന്‍എല്‍ ശ്രമിക്കുകയാണ്. 4ജി സൗകര്യം വിപുലമാക്കിയതിന് ശേഷം 5ജി വേഗത്തില്‍ ഒരുക്കാനും ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നു.
#BSNL has achieved a milestone of 1,000 sites on air this week for our 4G saturation project, bringing connectivity to uncovered villages!#BSNL4GSaturation #4GSaturation #ConnectivityForAll #SwitchToBSNL pic.twitter.com/o0Ju5oFfKo
— BSNL India (@BSNLCorporate) July 21, 2024
ദിവസേന പുതിയ 4ജി കണക്റ്റിവിറ്റി സൗകര്യം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 4ജി വൈകിയതോടെ ബിഎസ്എന്‍എല്ലിന് നിരവധി ഉപഭോക്താക്കളെ നഷ്ടമായിരുന്നു. എന്നാല്‍ 4ജിയും 5യും വരുന്നതോടെ ബിഎസ്എന്‍എല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ ബിഎസ്‌എന്‍എല്ലിലേക്ക് പുതിയ വരിക്കാര്‍ ഏറെയെത്തിയിരുന്നു.
Read more: വലിയ വിലയില്ല, 320 ജിബി ഡാറ്റ 160 ദിവസത്തേക്ക്; ബിഎസ്എന്‍എല്ലിന് കൈകൊടുക്കാന്‍ ബെസ്റ്റ് ടൈം