കുവൈത്ത്: കുവൈത്തില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികള്‍ക്കു വേണ്ടി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ചെയ്യുന്ന സേവനങ്ങളില്‍ ചില പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ മന്‍സൂര്‍ അല്‍മുതന് ആണ്  ഇക്കാര്യം സൂചിപ്പിച്ചത്.
രാജ്യത്ത് വാണിജ്യ – ഇന്‍വെസ്റ്റ്‌മെന്റ് കെട്ടിടങ്ങള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കും എടുക്കുന്നവര്‍ക്കുമിടയില്‍ സഹകരണം ഉറപ്പുവരുത്തുന്ന തരത്തില്‍ ഇടപെടാനാണ് കമ്മീഷന്റെ തീരുമാനം. കെട്ടിടം വാടകക്ക് കൊടുക്കുമ്പോഴും ഒരു കെട്ടിടത്തില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുമ്പോഴും സിവില്‍ ഐ ഡിയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിതമായ ഓണ്‍ലൈന്‍ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ.
ഇതനുസരിച്ച് വാണിജ്യ, നിക്ഷേപ കെട്ടിടങ്ങളിലെ വാടക കരാറുകള്‍ ഇലക്ട്രോണിക് രീതിയില്‍ ഒപ്പിടാന്‍ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്യുമെന്ന് മുതന് പറഞ്ഞു. അതുവഴി പൗരന്റെയും താമസക്കാരുടെയും വിലാസം തെളിയിക്കാന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിക്കും. ഇത് പ്രാബല്യത്തിലാകുന്നതോടെ ചില അസാധാരണമായ സാഹചര്യത്തിലൊഴിച്ച് നിലവിലെ  പേപ്പര്‍ കരാര്‍ റദ്ദാക്കപ്പെടും. കെട്ടിട ഉടമക്ക് പേപ്പര്‍ പാട്ടക്കരാര്‍ ഒപ്പിടാന്‍ കഴിയും. 
എന്നാല്‍ നിദിഷ്ട പ്ലാറ്റ്ഫോമിലൂടെ ഇഷ്യൂ ചെയ്യുന്ന ഇലക്ട്രോണിക് കരാറിലൂടെയല്ലാതെ വാടകക്കാരന് തന്റെ താമസസ്ഥലം അധികാരികള്‍ക്ക് മുമ്പില്‍ തെളിയിക്കാന്‍ കഴിയില്ല. അടുത്ത വര്ഷാരംഭത്തോടെ പുതിയ പരിഷ്‌കാരം പ്രാബല്യത്തിലാക്കാനാണ് പദ്ധതി.
അതിനിടെ സിവില്‍ ഐഡി പുതുക്കല്‍, നഷ്ടപെട്ടത് മാറ്റി എടുക്കല്‍ തുടങ്ങി സിവില്‍ ഐ ഡി യുമായി ബന്ധപ്പെട്ട ഫീസുകളിലും പിഴകളിലും കാലോചിതമായ വര്‍ധന ഏര്‍പ്പെടുത്താന്‍ പദ്ദതിയുള്ളതായി അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖലയ്ക്ക്  നല്‍കുന്ന സേവന ഫീസ് വര്‍ധിപ്പിക്കുന്നതിനൊപ്പം മെഷിനില്‍ നിന്ന് സിവില്‍ ഐഡി കാര്‍ഡ് എടുക്കുന്നതില്‍  കാലതാമസം വരുത്തിയാലുള്ള പിഴ 20 ദീനാര്‍ ആക്കി നിശ്ചയിക്കാനും പദ്ധതിയുണ്ട് .ഇഷ്യു ചെയ്ത കാര്‍ഡുകള്‍ സമയത്തിന് എടുക്കാത്തതിനാല്‍ ഉള്‍കൊള്ളാന്‍ സാധിക്കാത്ത അത്ര ഐഡി കാര്‍ഡുകള്‍ മെഷിനുകളില്‍ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. 
ഇത് കൂടി കണക്കിലെടുത്താണ് ഇക്കാര്യത്തിലെ പിഴ വര്ധിപ്പിക്കുന്നതെന്നും അതോറിറ്റി മേധാവി കൂട്ടിച്ചേര്‍ത്തു . അതിനിടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വീടുകളിലും വ്യാജ മേല്‍ വിലാസത്തിലുള്ളവര്‍ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെട്ടിട ഉടമകളോട് സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
മേല്‍ വിലാസം കൃത്യമല്ലാത്തവര്‍ തന്റെ കെട്ടിടത്തില്‍ താമസിക്കുന്നുണ്ടെന്ന് അറിയുന്ന ഉടമകള്‍ക്ക് അതോറിറ്റിയെ സമീപിച്ച് ഫിങ്കര്‍ പ്രിന്റ് നല്‍കി ആ താമസക്കാരന്റെ വിലാസം റദ്ദാക്കാന്‍ സാധിക്കും . ഇത്തരത്തില്‍ ഉടമകളാലും മറ്റും വിലാസം റദ്ദു ചെയ്യപ്പെട്ടവരുടെ പേരുവിവരം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
ഇങ്ങനെ വിലാസം റദ്ദുചെയ്യപ്പെട്ടവര്‍ അറിയിപ്പുണ്ടായി 30  ദിവസത്തിനുള്ളില്‍ പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട വിലാസം സിവില്‍ ഐ ഡി യില്‍ ചേര്‍ക്കാന്‍ അപേക്ഷ നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
നിശ്ചിത കാലാവധിയും കഴിഞ്ഞാല്‍ തുടര്‍ന്ന് 15 ദിവസത്തെ സാവകാശം അനുവദിക്കുകയും  അതും കഴിഞ്ഞാല്‍ 20 ദീനാര്‍  പിഴ ചുമത്തുമെന്നും അതോറിറ്റി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .

By admin

Leave a Reply

Your email address will not be published. Required fields are marked *