സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു; ലക്ഷ്യം അർജുനെ കണ്ടെത്തൽ

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. തങ്ങള്‍ മംഗലാപുരം പിന്നിട്ടതായി സംഘാംഗം സൈനുല്‍ ആബിദ് പറഞ്ഞു.

അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്ന് ഇവര്‍ പറയുന്നു. എം കെ രാഘവന്‍ എം പിയെയും കര്‍ണ്ണാടക എസ് പിയെയും ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇന്നലെ രാത്രിയോടെ എന്തുവന്നാലും രക്ഷാപ്രവര്‍ത്തനത്തിന് പോകണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആ സമയത്ത് ലഭ്യമായവരെ ബന്ധപ്പെട്ട് പുലര്‍ച്ചെയോടെ കർണാടകയിലേക്ക് തിരിക്കുകയായിരുന്നു. കൂടുതല്‍ അംഗങ്ങള്‍ വരാന്‍ തയ്യാറായിരുന്നെങ്കിലും അനുമതി ലഭിക്കുമോ എന്നറിയാത്തതിനാലാണ് കൂടുതല്‍ പേര്‍ വേണ്ടെന്ന് വച്ചതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

ഷബീര്‍ പി കെ, സൈനുല്‍ ആബിദ് യു പി, ഷംഷീര്‍ യു കെ, അഷില്‍ എം പി, സംസുദ്ധീന്‍ പുള്ളാവൂര്‍, ഷിഹാബ് പി പി, അജ്മല്‍ പാഴൂര്‍, ശ്രീനിഷ് വി, മുനീഷ് കാരശ്ശേരി, ഷൈജു എള്ളേങ്ങല്‍, റഫീഖ് ആനക്കാംപൊയില്‍, റഷീദ് ഓമശ്ശേരി, കെ പി ബഷീര്‍, റസ്‌നാസ് മലോറം, നിയാസ് എം കെ, റിസാം എം പി, ആരിഫ് ഇ കെ, ഹംസ പി എന്നിവരാണ് കര്‍ണാടകയിലേക്ക് പുറപ്പെട്ടത്. മലയോര മേഖലകളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവരാണ് ഇവര്‍.

കുടുംബം പോറ്റാൻ 20 വയസ്സ് മുതൽ വളയം പിടിച്ചവൻ; കണ്ണാടിക്കലിലെ കാത്തിരിപ്പ് നീളുകയാണ്, ശുഭവാർത്ത കാത്ത് നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin