തിരുവനന്തപുരം: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജന് എതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകി സി.പി.എം സംസ്ഥാന നേതൃത്വം. പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയെപ്പറ്റി പാർട്ടി ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു.
സംസ്ഥാന കമ്മിറ്റിക്ക് ശേഷമുളള പത്രസമ്മേളനത്തിലാണ് എം.വി. ഗോവിന്ദൻ ഇ.പി.ജയരാജൻ ഉൾപ്പെട്ട കൂടിക്കാഴ്ച വിവാദം പാർട്ടി വിട്ടുകളഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണങ്ങൾ നടത്തിയത്.
” ഇപ്പോഴത് ചർച്ച ചെയ്തിട്ടില്ല. ഇന്ന് മറ്റ് കാര്യങ്ങളാണ് ചർച്ച ചെയ്തത്. ഇപ്പോൾ എല്ലാം കൂടി എടുക്കാൻ ഉദ്ദേശിച്ചിരുന്നില്ല. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്ന യോഗത്തിൽ അക്കാര്യം ചർച്ച ചെയ്യും”-എം.വി.ഗോവിന്ദൻ വിശദീകരിച്ചു.
സെക്രട്ടറി പറഞ്ഞതിൽ നിന്ന് അത് അടഞ്ഞ അധ്യായമല്ലന്നാണല്ലോ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലും ഇ.പി.ജയരാജന് എതിരെ നടപടി ഉണ്ടാകുമെന്ന സൂചന ഒളിപ്പിച്ചിരുന്നു. അടഞ്ഞ അധ്യായമാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയുമോ എന്നായിരുന്നു എം.വി. ഗോവിന്ദൻ നൽകിയ മറുപടി.
സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അടുത്ത സംസ്ഥാന നേതൃയോഗത്തിൽ ഇ.പി. ജയരാജൻ ഉൾപ്പെട്ട കൂടിക്കാഴ്ചാ വിവാദത്തിൽ സംസ്ഥാന നേതൃത്വത്തിൻെറ നിലപാട് വ്യക്തമാകും. ദല്ലാൾ നന്ദകുമാറിൻെറ മധ്യസ്ഥതയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനെ, ആ വിവരം പുറത്തുവന്നതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ തളളിപ്പറഞ്ഞിരുന്നു.
ദല്ലാളുമായുളള ചങ്ങാത്തത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് തന്നെയാണ് സംസ്ഥാന നേതൃത്വത്തിൻെറയും നിലപാടെന്ന് ഉറപ്പാണ്. എന്നാൽ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തുകയും അതിന് മുൻപ് തന്നെ സംസ്ഥാനത്തെ 5 ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന പ്രതികരണം നടത്തുകയും ചെയ്ത നേതാവിനെ മുന്നണി കൺവീനറായി ഇരുത്തണോ എന്നതിൽ എന്ത് തീരുമാനം എടുക്കും എന്നതിലാണ് ആകാംക്ഷ.
കൂടിക്കാഴ്ച ഗുരുതരമായ കാര്യമാണെന്നും ഇക്കാര്യം പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറിയും നേരത്തെ പ്രതികരിച്ചിരുന്നു. ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി.ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ സി.പി.ഐ ഉൾപ്പെടെയുളള ഘടകകക്ഷികളിൽ നിന്നും സമ്മർദ്ദം ഉണ്ട്. എൻ.സി.പി സംസ്ഥാന നേതൃയോഗത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ രേഖയിലും ഇ.പിക്കെതിരെ രൂക്ഷമായ വിമർശനം ഉണ്ടായിരുന്നു.
സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.പ്രകാശ് ബാബു ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇ.പി. ജയരാജനെതിരെ കടുത്ത വിമർശനം നടത്തിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് പറഞ്ഞ ജയരാജൻെറ പ്രസ്താവന തെറ്റാണെന്ന് വിമർശിച്ച പ്രകാശ് ബാബു, അതിനേക്കാൾ വലിയ അപകടമാണ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയെന്നും കുറ്റപ്പെടുത്തിയിരുന്നു.
മുന്നണി കൺവീനർ എന്ന നിലയിൽ മാത്രമല്ല, മുന്നണിയുടെ സംസ്ഥാന നേതാവ് എന്ന നിലയിൽ പോലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ജയരാജനിൽ നിന്ന് ഉണ്ടായത് എന്നായിരുന്നു പ്രകാശ് ബാബുവിൻെറ വാക്കുകൾ.
ജയരാജൻെറ ഈ നടപടികൾ ഇടതുപക്ഷ മനസുകളിൽ ആഴത്തിൽ മുറിവേൽപ്പിച്ച കാര്യമാണെന്നും പ്രകാശ് ബാബു പ്രതികരിച്ചിരുന്നു. സി.പി.ഐ സംസ്ഥാന കൗൺസിലിൽ ഉയർന്ന വിമർശനത്തിൻെറ തുടർച്ചയായിരുന്നു പ്രകാശ്ബാബുവിൻെറ പ്രതികരണം. ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ജയരാജനെ മാറ്റണോ എന്ന ചോദ്യത്തിന് സി.പി.ഐ അങ്ങനെ ചർച്ച ചെയ്തിട്ടില്ലെന്ന് മറുപടി നൽകിയ പ്രകാശ് ബാബു, സംസ്ഥാന നേതൃത്വത്തിൻെറ മേലേക്ക് സമ്മർദ്ദം ഏറ്റുകയാണ് ചെയ്തത്.
ബി.ജെ.പി വിരുദ്ധ നിലപാട് കൊട്ടി ഘോഷിക്കുകയും ഇടത് നേതാക്കൾ ഒരിക്കലും കൂറുമാറില്ലെന്ന് ആവർത്തിക്കുകയും ചെയ്തുപോരുന്നതിനിടെ ജയരാജനിൽ നിന്നുണ്ടായ നടപടി മുന്നണിയുടെ വിശ്വാസ്യതക്ക് തന്നെ കളങ്കമേൽപ്പിച്ചിരിക്കുകയാണെന്നാണ് ഘടക കക്ഷികളുടെ വിമർശനം.