ലാത്വിയയിൽ ഒഴുക്കിൽ പെട്ട മലയാളി വിദ്യാർഥിക്കായി തിരച്ചിൽ ഊർജ്ജിതമാക്കും; അറിയിച്ച് കേന്ദ്ര മന്ത്രി കുര്യൻ
ദില്ലി: ലാത്വിയയിൽ മലയാളി വിദ്യാർഥി ഒഴുക്കിൽ പെട്ട സംഭവത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കാനായി വിദേശകാര്യ മന്ത്രാലയം ഇടപെടലുകൾ നടത്തുന്നതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു. തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ലാത്വിയയുടെ പ്രതിനിധിയുമായി സംസാരിച്ചെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. കേരളത്തിൽ നിന്ന് കിട്ടിയ പരാതികൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ മലയാളി വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഹൗസിൽ ആൽബിൻ ഷിന്‍റോ എന്ന 19 കാരനെ കാണാതായെന്നാണ് വീട്ടുകാർക്ക് വിവരം കിട്ടിയത്. സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം. മറൈൻ എൻജിനീയറിംഗ് കോഴ്സിനായി എട്ട് മാസം മുമ്പാണ് ആൽബിൻ ലാത്വിയയിലേക്ക് പോയത്. കൂടെയുണ്ടായിരുന്ന വിദ്യാർഥികളാണ് ആൽബിന്‍റെ വീട്ടുകാരെ വിവരമറിയിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി ജോർജ് കുര്യനടക്കം വിഷയത്തിൽ ഇടപെട്ടത്.