പാരീസിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ സജ്ജം! ഇന്ത്യന്‍ ഒളിംപിക്‌സ് സംഘത്തില്‍ 13 സൈനികര്‍

ദില്ലി: പാരീസ് ഒളിംപിക്‌സിനുളള ഇന്ത്യന്‍ സംഘത്തില്‍ ഇത്തവണയുമുണ്ട് സൈനികര്‍. ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്രയടക്കം പതിമൂന്ന് സൈനികരാണ് വിവിധയിനങ്ങളിലായിറങ്ങുന്നത്. ഏഴ് ഇനങ്ങള്‍, പതിമൂന്ന് താരങ്ങള്‍, പാരീസിലും ത്രിവര്‍ണം ഉയര്‍ത്താന്‍ നമ്മുടെ സൈനികര്‍ സജ്ജം. 2004, എഥന്‍സ് ഒളിംപിക്‌സില്‍ ആ ഇന്ത്യന്‍ സൈനികന്റെ തോക്കില്‍ നിന്നും ഒരു മെഡല്‍ പിറന്നു, അന്നേക്ക് നൂറ്റാണ്ടു പിന്നിട്ട ഒളിംപിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെളളിമെഡല്‍. പിന്നീട് ഇന്ത്യയുടെ കായികമന്ത്രി പദം വരെയെത്തിയ കേണല്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്.

ജര്‍മ്മന്‍ പട്ടാളത്തിലെ കേണല്‍ റാങ്കിനേക്കാളും മഹത്വം ജന്മനാട്ടിലെ ഉണ്ടെന്ന് ഹിറ്റ്‌ലറിന്റെ മുഖത്ത് നോക്കി പറഞ്ഞ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ് മുതല്‍ ടോക്കിയോയിലെ ചരിത്രനേട്ടത്തില്‍ മതിമറക്കാതെ ഫ്‌ലാഗ് കോഡിനനുസരിച്ച് ദേശീയ പതാക മടക്കുന്നതില്‍ ശ്രദ്ധിച്ച നീരജ് ചോപ്ര വരെ. ഒളിംപിക് വേദിയില്‍ നമ്മുടെ അഭിമാനമായ സൈനികര്‍ നിരവധി. ജാവലിന്‍ ത്രോയിലെ സുവര്‍ണ പ്രതീക്ഷ സുബേദാര്‍ നീരജ് ചോപ്ര തന്നെയാണ് പാരീസിലും ഇന്ത്യയുടെ വജ്രായുധം. 

വനിതാ ഏഷ്യാ കപ്പിലും പാകിസ്ഥാന്‍ മര്‍ദ്ദനം! ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാക് ക്രിക്കറ്റിന് പരിഹാസം

സ്റ്റീപ്പിള്‍ചെയ്‌സില്‍ പത്തു തവണ സ്വന്തം പേരിലുളള ദേശീയ റെക്കോര്‍ഡ് തിരുത്തിയ നായിബ് സുബേദാര്‍ അവിനാശ് സാബ്ലെ, ബോക്‌സിംഗില്‍ ലോക ഒന്നാം നമ്പര്‍ പദവിയില്‍ വരെയെത്തിയ അമിത് പാംഘല്‍, ഉന്നം പിഴക്കാത്ത രണ്ട് ഷാര്‍പ് ഷൂട്ടര്‍മാര്‍, വരുണ്‍ തോമര്‍, ചെയിന്‍ സിങ്. 

അമ്പെയ്ത്തില്‍ ധീരജ് ബൊമ്മദേവ്‌റ, പ്രവീണ്‍ ജാദവ്, തരുണ്‍ ദീപ് റായ്. ഹൈ ജമ്പില്‍ സര്‍വേഷ് കുഷാറെ, തുഴച്ചിലില്‍ ബല്‍രാജ് പന്‍വാര്‍, ടെന്നീസില്‍ ശ്രീറാം ബാലാജി , രാജ്യത്തിന്റെ അഭിമാനമാകാന്‍ ഈ സൈനികരുണ്ടാകും പാരീസില്‍. അതിര്‍ത്തിയിലെ നമ്മുടെ വിശ്വസ്ത കാവല്‍ക്കാര്‍. അതിരുകളില്ലാത്ത അഭിമാനത്തിലേക്ക് നമ്മെ ഉയര്‍ത്താന്‍ ഇവര്‍ക്കാവട്ടെ വിശ്വവേദിയില്‍.

By admin