തിരുവനന്തപുരം: ജനങ്ങൾക്കെല്ലാം ചികിത്സയും ചികിത്സാ സഹായവും ലഭ്യമാക്കാൻ ഓടിനടന്ന ഉമ്മൻ ചാണ്ടിക്ക് സ്വന്തം ചികിത്സക്ക് പണമില്ലായിരുന്നുവെന്ന് ശശി തരൂർ എം.പി. പണമില്ലാത്തത് മൂലം ചികിത്സ മുടങ്ങുന്ന സാഹചര്യം ഉണ്ടായെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ ശശി തരൂർ വെളിപ്പെടുത്തി.
ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാസഹായം നൽകിയ അദ്ദേഹത്തിന് സ്വന്തം ചികിത്സ നടത്താൻ പണമില്ലായിരുന്നു.ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ എ.ഐ.സി.സി തയാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് ഉമ്മൻ ചാണ്ടി മടങ്ങിപ്പോവുകയായിരുന്നുവെന്നും തരൂർ അനുസ്മരിച്ചു.
കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണം -ഹൃദയാഞ്ജലി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് തരൂർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
നാല് തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെ ഏറ്റവും വലിയ പാഠം എന്തായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചപ്പോള്‍, കേരളത്തിനു വേണ്ടത് ആരോഗ്യസംരക്ഷണ നടപടികളാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ശശി തരൂർ ഓർത്തെടുത്തു.
അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി കാരുണ്യപദ്ധതിയും കോക്ലിയര്‍ ഇംപ്ലാന്റേഷനും ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ആരോഗ്യം അവകാശമാക്കണമെന്ന ഉമ്മൻചാണ്ടിയുടെ ആഗ്രഹം ഇനിയും സഫലമായിട്ടില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു.