കൊച്ചി: പുതിയ വാർത്താ ചാനൽ തുടങ്ങാൻ കച്ചകെട്ടിയിറങ്ങിയ മാധ്യമ സ്ഥാപനമായ  ‘ ദി ഫോ‍ർത്ത് ‘ പൂട്ടുന്നു. ചാനലിനായി റിക്രൂട്ട് ചെയ്ത മാധ്യമ പ്രവർത്തകർ അടക്കമുളള ജീവനക്കാരോട് പിരിഞ്ഞുപൊയ്ക്കൊളളാൻ ഇന്ന് വൈകുന്നേരം അനൗദ്യോഗികമായി അറിയിച്ചു. ഈമാസം അവസാനം വരെ മാത്രമേ  ഓഫീസ് പ്രവ‍ർത്തിക്കുകയുളളു എന്ന് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചു.
മറ്റ് തൊഴിലവസരങ്ങൾ ലഭിക്കാത്ത ജീവനക്കാർക്ക് ഓഗസ്റ്റ് 31 വരെ ഓഫീസിൽ വരാൻ അനുവാദമുണ്ടാകും. എന്നാൽ ജൂലൈ മാസത്തിലെ വരെയുളള ശമ്പളത്തിനെ ജീവനക്കാർക്ക് അർഹത ഉണ്ടായിരിക്കുകയുളളുവെന്നും മാനേജിങ്ങ് ഡയറക്ടർ റിക്സൺ എടത്തിൽ അറിയിച്ചിട്ടുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പ്രവർത്തനം തുടങ്ങിയ ‘ ദി ഫോ‍ർത്ത് ‘, വാ‍ർത്താ ചാനൽ തുടങ്ങാൻ സ്വപ്നം കണ്ടാണ് മികച്ച മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരെയും സാങ്കേതിക വിദഗ്ധരെയും വൻതോതിൽ റിക്രൂട്ട് ചെയ്തത്.

മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് നിരവധി പേർ ഓഫർ സ്വീകരിച്ച് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സാമ്പത്തിക സ്രോതസ് നിലച്ചതിനെ തുടർന്ന് ചാനലിൻെറ പ്രവർത്തനങ്ങൾ ഒരു വർഷമായി തടസപ്പെട്ടിരിക്കുകയായിരുന്നു. ക്യാമറ, എഡിറ്റ് സ്യൂട്ട്, പ്രൊഡക്ഷൻ കൺട്രോൾ റൂം സജ്ജീകരിക്കാനുളള ഉപകരണങ്ങൾ, ഗ്രാഫിക്സ് എക്യുപ്മെൻറ്സ് തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതിയാണ് പണമില്ലാത്തതിനെ തുടർന്ന് തടസപ്പെട്ടത്.
ചാനൽ സംപ്രേഷണം തുടങ്ങാനായില്ലെങ്കിലും ഏതാണ്ട് രണ്ട് കൊല്ലമായി ജീവനക്കാർക്ക് ശമ്പളം കൊടുത്തുവരികയായിരുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയായിരുന്നു. എന്നാൽ പുതിയ നിക്ഷേപകരെ കണ്ടെത്താൻ മാനേജ്മെന്റിന് കഴിഞ്ഞില്ല. ഇതിനിടെ പ്രധാന നിക്ഷേപകരായിരുന്ന മൾട്ടിസ്റ്റേറ്റ് സഹകരണ സ്ഥാപനമായ ഫാം ഫെ‍‍ഡ് പണം നൽകുന്നത് നിർത്തി. ഇതോടെ ശമ്പളം നൽകാൻ പണം ഇല്ലാത്ത അവസ്ഥയിലായി.

ശമ്പള പ്രതിസന്ധി മൂർച്ഛിച്ചാണ് ഇപ്പോൾ സ്ഥാപനം അടച്ചു പൂട്ടുന്നത്. ചാനൽ തുടങ്ങനുമെന്ന് വിശ്വസിച്ച് ജോലിക്ക് കയറിയ നൂറിലേറെ മാധ്യമ പ്രവർത്തകരും ഏതാണ്ട് അത്രയും തന്നെ സാങ്കേതിക വിദഗ്ധരും സ്ഥാപനം പൂട്ടിയതോടെ പെരുവഴിയിലായി.

ജൂനിയർ‍ തലത്തിലുളള മാധ്യമ പ്രവർത്തകർക്ക് മാത്രമാണ് ഇപ്പോൾ മറ്റ് സ്ഥാപനങ്ങളിൽ അവസരമുളളത്. സീനിയർ മാധ്യമ പ്രവർത്തകരുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത്. വാർത്താ ചാനൽ തുടങ്ങുമെന്ന് പറഞ്ഞ് ഫോർത്ത് മാനേജ്മെന്റ് തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ് ജോലി നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരുടെ പരാതി.
നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം മാനേജിങ്ങ് ഡയറക്ടർ റിക്സണും ചില ഡയറക്ടർമാരും ചേർന്ന് ധൂർത്തടിച്ച് കളയുകയായിരുന്നു എന്നും ജീവനക്കാർ പരാതിപ്പെടുന്നുണ്ട്. മാനേജ്മെന്റിൻെറ തലപ്പത്തുളളവർ സാമ്പത്തികമായി സുരക്ഷിതത്വം നേടിയപ്പോൾ വിശ്വസിച്ച് ജോലിയിൽ ചേർന്ന തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മുതിർ‍ന്ന മാധ്യമപ്രവർത്തകർ ആരോപിക്കുന്നുണ്ട്. മംഗളം, ന്യൂസ് എക്സ് ചാനലുകളിലായി 5 വർഷം മാത്രം പ്രവർത്തന പരിചയമുളളയാളാണ് മാനേജിങ്ങ് ഡയറക്ടറായി സ്ഥാപനത്തെ നയിച്ചത്.
ഇന്ന് വൈകുന്നേരത്തോടെയാണ് ചാനൽ സംരംഭം ഉപേക്ഷിച്ചുകൊണ്ട് സ്ഥാപനം പൂട്ടുന്നകാര്യം ദി ഫോർത്ത് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചത്. 35000 രൂപയിൽ താഴെയുളളവർ‍ക്ക് മാത്രമാണ് ഇതുവരെ ജൂണിലെ ശമ്പളം ലഭിച്ചത്. ഫാം ഫെഡ് പണം ഇറക്കുന്നത് നിർത്തിയതിൽ പിന്നെ ശമ്പളം വളരെ വൈകിയാണ് നൽകുന്നത്.
ന്യൂസ് ഡയറക്ടർ, കൺസൾട്ടിങ്ങ് എഡിറ്റർ തുടങ്ങി ഉന്നത തസ്തികയിലുളളവർക്ക് മെയ് മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുളള ജിമ്മി ജെയിംസായിരുന്നു ദി ഫോർത്തിൻെറ കൺസൾട്ടിങ്ങ് എഡിറ്റർ. ടൈംസ് ഓഫ് ഇന്ത്യയുടെ ഉന്നത തസ്തികയിലുണ്ടായിരുന്ന ബി. ശ്രീജനാണ് ന്യൂസ് ഡയറക്ടറായി പ്രവ‍ർത്തിച്ചിരുന്നത്.
മാതൃഭൂമി ന്യൂസ്, മീഡിയാ വൺ, ഏഷ്യാനെറ്റ്, ട്വന്റി ഫോർ തുടങ്ങിയ പ്രധാന ചാനലുകളിൽ നിന്ന് നിരവധി പേർ ഫോർത്തിൻെറ പുതിയ ചാനൽ സംരംഭത്തിലേക്ക് ചേക്കേറിയിരുന്നു.അവരാണ് ഇപ്പോൾ പൊടുന്നനെ തൊഴിൽരഹിതരായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *