കൊച്ചി: കിളിമീൻ ഉൽപാദനം 41 ശതമാനം കൂടിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. ചെറുമീൻപിടുത്തത്തിന് ഏറ്റവും കൂടുതൽ വിധേയമായ മത്സ്യയിനമാണ് കിളിമീൻ. നിരോധനത്തിന് ശേഷം കിളിമീനുകളുടെ അംഗസംഖ്യാ വർധനവിലും മൊത്ത ലഭ്യതയിലും വർധനവുണ്ടായി. 
ചെറുമീനുകളെ പിടിക്കാതെ വളരാൻ അനുവദിച്ചാൽ മത്സ്യമേഖലക്ക് അധികലാഭമുണ്ടാക്കാനും മീനുകളെ വംശനാശഭീഷണിയിൽ നിന്ന് രക്ഷിക്കാനുമാകും. കിളിമീൻ, ചാള, കൂന്തൽ, അരണമീൻ, കറൂപ്പ് എന്നിവയുടെ ചെറുമത്സ്യബന്ധനം കാരണം കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 1777 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ചെറുമീൻ പിടിത്തം കാരണം ഈ അഞ്ച് മത്സ്യയിനങ്ങളുടെ ശരാശരി വാർഷിക നഷ്ടം 216 കോടി രൂപയാണെന്ന് സിഎംഎഫ്ആർഐയുടെ പഠനം ചൂണ്ടിക്കാട്ടി.
എറണാകുളം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ സിഎംഎഫ്ആർഐ നടത്തിയ പഠനത്തിൽ, കൊവിഡിന് ശേഷം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്കായി മത്സ്യത്തൊഴിലാളികളുടെ ഉപഭോഗചിലവിൽ കുറവ് വന്നതായി കണ്ടെത്തി. എറണാകുളം ജില്ലയിൽ 34 ശതമാനവും ആലപ്പുഴയിൽ 13 ശതമാനവും മലപ്പുറത്ത് 11 ശതമാനവുമാണ് കുറവ്. ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ എ പി ദിനേശ്ബാബു, ഡോ വിവിആർ സുരേഷ്, ഡോ. ആർ വിദ്യ, ഡോ. ലിവി വിൽസൺ എന്നിവർ സംസാരിച്ചു.
യാനങ്ങളുടെ വർധനവ്, നശീകരണ മത്സ്യബന്ധനരീതികൾ, ചെറുമീൻപിടുത്തം, ചെമ്മീനിന്റെ വിലക്കുറവ്, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യപ്രശ്നങ്ങൾ, തീരക്കടലിനപ്പുറം നിയന്ത്രണമില്ലാത്ത അവസ്ഥ, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങിയ വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടലുണ്ടാകണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *