എന്തിന് 45കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു, പിന്നിൽ സാമ്പത്തിക തർക്കമോ? അന്വേഷണം
തിരുവനന്തപുരം : കാട്ടാക്കടയിൽ 45കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രകോപനത്തിന് കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് മുമ്പ് ഇരുവരും തമ്മിൽ വഴക്കും മൽപ്പിടുത്തവുമുണ്ടായെന്നും തെളിഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കാട്ടാക്കട പാലക്കലിൽ സ്വദേശിയായ പ്രമോദ് ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്ത് റീജ എന്നിവരെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റീജയെ കട്ടിലിൽ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിലും പ്രമോദിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്യുകയായിരുന്നു. കൂലിപ്പണിക്കാരനായ പ്രമോദും, കളക്ഷൻ ഏജന്റായിരുന്ന റീജയും കഴിഞ്ഞ രണ്ടു വർഷമായി അടുപ്പത്തിലായിരുന്നു. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയം. അന്ന് പകൽസമയം റീജയും സഹോദരിയും ഒന്നിച്ചുണ്ടായിരുന്നു. രാത്രി ഏഴ് മണിയോടെ റീജ അമ്മയോട് ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്തെങ്കിലും തരത്തിൽ അസ്വാഭാവികമായ ഒന്നും തന്നെ അമ്മയോടെ റീജ പറഞ്ഞിരുന്നില്ല. ഇതിന് ശേഷം റീജയും പ്രമോദും തമ്മിൽ വലിയ തർക്കമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
റീജയുടെ കയ്യിൽ ആഴത്തിലുള്ള മുറിവുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാരിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. റീജയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.