ആലപ്പുഴ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഇടതുപക്ഷ പ്രവർത്തകരുടെ പോലും വോട്ട് കൃത്യമായി ലഭിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇടതുപക്ഷത്തിന് സ്വന്തം പ്രവർത്തകരുടെ പോലും വോട്ടു കിട്ടിയില്ലെന്ന് വസ്തുത മറച്ചുവെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തും തെറ്റ് ചെയ്തവരുണ്ട്. അത്തരക്കാർ തെറ്റ് തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പിന്റെ രാഷ്ട്രീയമാണ് തൃശൂരിൽ വിജയിച്ചത്. ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടി.
തുടർന്നുള്ള ദിവസങ്ങളിൽ ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യ വകുപ്പിനും ഒന്നാം സ്ഥാനം നൽകണം. പെൻഷൻ മുടങ്ങിയതും മാവേലി സ്റ്റോറിൽ സാധനം ഇല്ലാതായതും മുൻഗണനയായി കാണാൻ കഴിഞ്ഞില്ല. ജനം നൽകിയ മുന്നറിയിപ്പ് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സിപിഐ സംസ്ഥാന കൗൺസിലും സർക്കാരിന്റെയും മുന്നണിയുടേയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം വേണമെന്നും മുഖ്യമന്ത്രിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.