മലപ്പുറം: കർണ്ണാടകയിലെ ഷിരൂരിൽ നടന്ന ദുരന്തം കേരളത്തിൽ ആയിരുന്നെങ്കിൽ, അർജ്ജുൻ ഈ നിമിഷം കുടുംബത്തിനൊപ്പം ആയിരുന്നേനേ എന്ന് പിവി അൻവർ എംഎൽഎ. കവളപ്പാറ ദുരന്തത്തെ ഓർമപ്പെടുത്തിയായിരുന്നു പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചത്.
സർക്കാർ മെഷിനറി കവളപ്പാറയിൽ അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നാട്ടുകാരും വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരും ആ പ്രവർത്തനങ്ങളിൽ ഊണും, ഉറക്കവുമില്ലാതെ പങ്കാളികളായെന്നും എംഎൽഎ ഓർമപ്പെടുത്തി.
പിവി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കുറച്ച് കുടുംബങ്ങൾ ജീവിച്ചിരുന്ന സ്ഥലമാണെന്ന ഒരു അടയാളം പോലും ബാക്കി വയ്ക്കാതെ,വലിയ ഒരു മലയുടെ സിംഹഭാഗവും രണ്ടായി പിളർന്ന് താഴേക്ക് പതിച്ച്,കുഴമ്പ് രൂപത്തിൽ വെള്ളവും,മണ്ണും,വലിയ കല്ലുകളും ചേർന്ന് അടിവാരമാകെ പരന്ന് കിടക്കുന്നു.അതിനുള്ളിൽ കുറച്ച് മനുഷ്യജീവനുകളും.
കവളപ്പാറയിലെ ഭൂദാനം ദുരന്തപ്രദേശത്ത് വളരെ കഷ്ടപ്പെട്ട് പുലർച്ചെ എത്തിയപ്പോൾ കണ്ട കാഴ്ച്ച അതായിരുന്നു.
എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥ.!!
ഒന്നിൽ നിന്ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന്റെ ദിനരാത്രങ്ങൾ..
പരമാവധി മണ്ണുമാന്തി യന്ത്രങ്ങളും,ജെ.സി.ബികളും സംഘടിപ്പിച്ചു.കിട്ടാവുന്ന എല്ലാ സന്നാഹങ്ങളുമായി ഒരേ മനസ്സോടെ ദുരന്തഭൂമിയിൽ ഒന്നിച്ച് ചേർന്നവർ സഹജീവികൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.
സർക്കാർ മെഷിനറി അങ്ങേയറ്റം ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. നാട്ടുകാരും,വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരും ആ പ്രവർത്തനങ്ങളിൽ ഊണും,ഉറക്കവുമില്ലാതെ പങ്കാളികളായി.
ഒരു ദുരന്തത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നതിനെ സംബന്ധിച്ച് ഒരു കേസ്സ് സ്റ്റഡിയായി തന്നെ അന്നത്തെ കവളപ്പാറ ദുരന്തത്തെ കണക്കിലെടുക്കാം.
കർണ്ണാടകയിലെ ഷിരൂരിൽ നടന്ന ദുരന്തം കേരളത്തിൽ ആയിരുന്നെങ്കിൽ,അർജ്ജുൻ ഈ നിമിഷം കുടുംബത്തിനൊപ്പം ആയിരുന്നേനേ..