ഷിരൂര്‍: അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കവെ, ലോറിയുടമ മനാഫും കർണാടക പൊലീസുമായി തർക്കം. മനാഫിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് കൂടെയുള്ളവര്‍ ആരോപിച്ചു.
ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള രഞ്ജിത്ത് ഇസ്രയേലിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് മനാഫ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇതിന് തയ്യാറായില്ല. ഇതാണ് തര്‍ക്കത്തിന് കാരണമെന്നാണ് സൂചന. മനാഫിനോടൊപ്പം അർജുന്റെ സഹോദരനുമുണ്ടായിരുന്നു.
അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ അര്‍ജുന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. അർജുന്‍റെ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കര്‍ണാടകയിലെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ ഷീല പ്രതികരിച്ചു. അര്‍ജുനെ ലഭിക്കുന്നതുവരെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കരുതെന്ന് സഹോദരി അഞ്ജു ആവശ്യപ്പെട്ടു.