ഓസ്‌ട്രേലിയൻ ഫീൽഡ് ഹോക്കി താരം മാറ്റ് ഡോസൺ പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനായി വിരലിന്റെ അറ്റം മുറിച്ചു. ടോക്കിയോ ഗെയിംസിൽ വെള്ളി മെഡല്‍ നേടിയ ടീമിലെ താരമാണ് ഈ 30കാരന്‍. അടുത്തിടെ വിരലിന് ഗുരുതര പരിക്കേറ്റിരുന്നു.
വലതു കൈയിലെ മോതിരവിരലിനാണ് പരിക്കേറ്റത്. ഒന്നുകിൽ വിരൽ സ്വാഭാവികമായി സുഖപ്പെടുന്നത് വരെ കാത്തിരിക്കണമെന്നും, അല്ലെങ്കില്‍ വിരലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റേണ്ടി വരുമെന്നും മെഡിക്കല്‍ സംഘം അദ്ദേഹത്തോട് പറഞ്ഞു.
പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെങ്കില്‍ പരിക്ക് ഉടന്‍ ഭേദമാകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഉചിതമായ മാര്‍ഗമെന്ന രീതിയില്‍ വിരല്‍ മുറിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.”തീരുമാനമെടുക്കാൻ എനിക്ക് അധികം സമയമുണ്ടായിരുന്നില്ല. തീരുമാനമെടുത്തതിന് ശേഷം ഭാര്യയെ വിളിച്ചു. മോശം തീരുമാനമെടുക്കരുതെന്നാണ് ഭാര്യ പറഞ്ഞത്. പാരീസില്‍ കളിക്കാന്‍ വേണ്ടി മാത്രമല്ല. ഇനിയുള്ള ജീവിതത്തില്‍ മികച്ച ആരോഗ്യത്തോടെ ജീവിക്കുന്നതിനും ഉചിതമായ തീരുമാനം എടുക്കണമെന്ന് വിചാരിച്ചു,”-അദ്ദേഹം പറഞ്ഞു. ഗെയിമിനോടുള്ള താരത്തിന്റെ സമര്‍പ്പണത്തെ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ പ്രശംസിച്ചു.