ജീവിത വിശേഷങ്ങള്‍, സുന്ദര കാഴ്ചകള്‍: വിശേഷം റിവ്യൂ

ളരെ ലളിതമായ ജീവിത കഥയാണ് വിശേഷം എന്ന ചിത്രത്തിന്‍റെത്. ഷിജുവിന്‍റെയും സജിതയുടെ കൊച്ച് ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും കൊച്ചു കൊച്ച് വിശേഷങ്ങളുമായി രണ്ടര മണിക്കൂറോളം പ്രേക്ഷകന് നല്ലൊരു കാഴ്ച സമ്മാനിക്കുകയാണ് ‘വിശേഷം’. വര്‍ണ്ണക്കാഴ്ചകളോ, പൊലിമകളോ ഇല്ലാതെ നമ്മുക്ക് ചുറ്റും കണ്ട് മറന്നവരുടെ ജീവിതങ്ങളിലെ വിശേഷങ്ങള്‍ തന്നെയാണ് ‘വിശേഷം’ എന്ന ചിത്രത്തിന്‍റെ അഴക്. 

മിഡ് ഏജ് ക്രൈസിസ് നേരിടുന്ന ആദ്യ വിവാഹത്തില്‍ ‘തന്‍റെതല്ലാത്ത കാരണത്താല്‍’ പരാജയം നേരിട്ട ഷിജു ഭക്തനില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്. വിവാഹ പന്തലില്‍ വച്ച് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു ഷിജുവിന്‍റെ ആദ്യ ഭാര്യ. അതിന് ശേഷം രണ്ട് കൊല്ലത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് ഷിജു. അവിടെ കുടുംബക്കാര്‍ ഷിജുവിനെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിക്കുന്നു. 

ഒടുവില്‍ അവിചാരിതമായി സിവില്‍ പൊലീസ് ഓഫീസറായ സജിത ഷിജുവിന്‍റെ ജീവിതത്തിലേക്ക് കയറിവരുന്നു. സജിതയും ഒരു വിവാഹ ബന്ധം പരാജയപ്പെട്ട അവസ്ഥയില്‍ നിന്നാണ് വരുന്നത്. സ്നേഹിച്ചും അറിഞ്ഞും അവരുടെ ജീവിതം മുന്നോട്ട് പോകുമ്പോള്‍ പതിവ് പോലെ നാട്ടുകാരുടെ ‘വിശേഷ’ അന്വേഷണങ്ങള്‍ വരുന്നു. ഇതിനെ തുടര്‍ന്നുള്ള ജീവിത സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനാകുന്ന ചിത്രമാണ് ‘വിശേഷം’. ചിത്രത്തിന്‍റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും നിർവഹിക്കുന്നതും ആനന്ദാണ്. സിനിമയിൽ കണ്ടുപഴകിയ നായകസങ്കല്പങ്ങളെ മാറ്റി നിര്‍ത്തുന്ന പ്രകടനം തന്നെ ആനന്ദ് നടത്തുന്നുണ്ട്. ഒരു സാധാരണ യുവാവിന് ജീവിതത്തില്‍ സംഭവിക്കുന്ന ജീവിത പ്രശ്നങ്ങളും പ്രതിസന്ധികളും വളരെ മനോഹരമായി തന്നെ ആനന്ദ് അവതരിപ്പിക്കുന്നു.

ആനന്ദ് കൈകാര്യം ചെയ്ത രചന മേഖലയും മികച്ച സംഭാഷണങ്ങളാല്‍ മനോഹരമാണ് എന്ന് പറയാം. അതിനൊപ്പം തന്നെ ഒരു കുടുംബ ചിത്രത്തിന് ഇണങ്ങുന്ന ഹൃദയഹാരിയായ സംഗീതം തീയറ്റര്‍ വിട്ടാലും പ്രേക്ഷകരുടെ മനസില്‍ കാണും വിധം നന്നായി ചെയ്തിട്ടുണ്ട്.  ചിത്രത്തിൽ ചിന്നു ചാന്ദ്നി പോലീസ് കോൺസ്റ്റബിൾ ടി.ആർ. സജിതയായി വേഷമിടുന്നു. അടുത്തക്കാലത്ത് തന്‍റെ അഭിനയ ഗ്രാഫ് ഉയര്‍ത്തുന്ന വേഷങ്ങളില്‍ നിരന്തരം തിളങ്ങുന്ന ചിന്നു ചാന്ദ്നി  ഈ വേഷവും മനോഹരമാക്കിയിട്ടുണ്ട്. 

ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആന്‍റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാലാ പാർവതി, ഷൈനി സാറ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിങ്ങനെ ചിത്രത്തിലെത്തുന്ന താരങ്ങള്‍ എല്ലാം തന്നെ ഗംഭീരമായ പ്രകടനമാണ് നടത്തിയിരിക്കുന്നത്. 

സംവിധായകൻ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2ഫിലിംസിന്‍റെ ആദ്യ ചിത്രമാണ് ‘വിശേഷം’.  അതിനൊപ്പം സംവിധായകന്‍ എന്ന നിലയില്‍ ചിത്രത്തിന്‍റെ മൂഡ് ഉടനീളം നിലനിര്‍ത്താന്‍ സംവിധായകന്‍ വിജയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ വൈകാരികതയും സന്തോഷവും പ്രേക്ഷകനും അനുഭവപ്പെടുന്നുവെന്ന് തന്നെ പറയാം. 

സാധാരണമായ ഒരു കഥയില്‍ അത്യാഢംബരങ്ങള്‍ ഒന്നും ഇല്ലാതെ പ്രേക്ഷക മനസിനെ തലോടുന്ന രീതിയിലുള്ള ചിത്രമാണ് വിശേഷം. നമ്മുക്ക് പരിചിതമായ കഥയും കഥപാത്രങ്ങളും സ്ക്രീനില്‍ കാണുന്നു. ഒരു ദാമ്പത്യം അവതരിപ്പിക്കുന്ന പതിവ് സിനിമ കാഴ്ചകളില്‍ 5 മിനുട്ട് പാട്ട് സീനില്‍ കാണക്കുന്ന ചില കാര്യങ്ങളാണ് വിശദമായി ഹൃദയസ്പര്‍ശിയായി ഈ ചിത്രം കാണിച്ചു തരുന്നത്. 

‘ഇന്ത്യന്‍ താത്ത‍’ വീണ്ടും എത്തി, തീയറ്റര്‍ കുലുക്കി – ഇന്ത്യന്‍ 2 റിവ്യൂ

പരാജയത്തിന്‍റെ പടുകുഴിയിലായ അക്ഷയ് കുമാര്‍ ചിത്രത്തിന് സഹായ ഹസ്തം ആകുമോ ദുല്‍ഖറിന്‍റെ വാക്കുകള്‍ !

By admin