വേഗം വിട്ടോ, വേഗം വിട്ടോ! സ്കൂള്‍ കുട്ടികളുമായി വെള്ളക്കെട്ടിലൂടെ ജീപ്പിന്‍റെ അതിസാഹസിക യാത്ര

കോഴിക്കോട്:സ്കൂൾ കുട്ടികളെകൊണ്ട് വെള്ളകെട്ടിലൂടെ ജീപ്പിന്‍റെ സാഹസിക യാത്ര.കോഴിക്കോട് നാദാപുരം സിസിയുപി സ്കൂളിലെ വിദ്യാർത്ഥികളുമായാണ് ജീപ്പ് വെള്ളക്കെട്ടിലൂടെ അതിസാഹസികമായി പോയത്.വെള്ളക്കെട്ടിലൂടെ കുട്ടികളുമായി ജീപ്പ് പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. വീടിന്‍റെ മതിലില്‍ ഇരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജീപ്പിന്‍റെ ഏതാണ്ട് പകുതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. വേഗം വിട്ടോ,വേഗം വിട്ടോയെന്ന് വീഡിയോ എടുത്തവര്‍ വിളിച്ചുപറയുന്നുമുണ്ട്.

വെള്ളക്കെട്ടിനെ തുടര്‍ന്ന് റോഡ് പൂര്‍ണമായും കാണാൻ കഴിയാത്ത അവസ്ഥയിലാണ് അപകടകരമായ രീതിയിലുള്ള യാത്ര. വെള്ളക്കെട്ടിനിടെയും വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കാനും തിരിച്ചുകൊണ്ടുവരാനും മറ്റുമാര്‍ഗമില്ലാതെയാണ് ഇത്തരമൊരു സാഹസിക യാത്ര നടത്തേണ്ടിവന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജീപ്പ് രക്ഷിതാക്കൾ ഏർപ്പെടുത്തിയതാണെന്നും സ്കൂളിന് നേരിട്ട് ബന്ധമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ മലയോര മേഖലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിരുന്നില്ല. മഴ കനത്തതോടെ പത്തരയക്കാണ് ചക്യോട് പഞ്ചായത്തിൽ അവധി പ്രഖ്യാപിച്ചത്.

ഇതിനിടെ, കോഴിക്കോട് സ്കൂൾ ബസ് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ചെക്യാട് പഞ്ചായത്തിലെ പുഴക്കലക്കണ്ടിയിലാണ് സംഭവം. പാറക്കടവ് ദാറുൽ ഹുദാ സ്കൂളിലെ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടിൽ നിന്നു പോയത്. എൽ.കെ.ജി, യു.കെ.ജി  എൽ.പി ക്ലാസുകളിൽ നിന്നായി 

 ബസിൽ 25 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു.  സ്കൂൾ കുട്ടികളെ നാട്ടുകാരാണ് ബസ്സിൽ നിന്ന് പുറത്തിറക്കിയത്. കുട്ടികളെ മറ്റൊരു റോഡിലെത്തിച്ച് ബസിൽ കയറ്റിവിടുകയായിരുന്നു.. നാട്ടുകാര്‍ വേഗത്തില്‍ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

 

ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും

 

By admin