ബംഗളുരു: ബംഗളുരുവില്‍ സ്വകാര്യമാളില്‍ മകന്റെയൊപ്പം മുണ്ട് ധരിച്ചെത്തിയ വയോധികന് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ നടപടിയെടുത്ത് കര്‍ണാടക സര്‍ക്കാര്‍. ഏഴ് ദിവസത്തേക്ക് മാള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മാള്‍ ഏഴ് ദിവസം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി നഗരവികസന മന്ത്രി ബൈരതി സുരേഷ് കര്‍ണാടക നിയമസഭയെ അറിയിച്ചു. 
മുണ്ടുടുത്തുവന്ന കര്‍ഷകനായ ഫക്കീരപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. മാഗഡി റോഡിലെ ജി.ടി. വേള്‍ഡ് മാളില്‍ ഇദ്ദേഹത്തിന് പ്രവേശനം നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ മാള്‍ ഉടമയ്ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. ഫക്കീരപ്പയും മകന്‍ നാഗരാജും മാളില്‍ സിനിമ കാണാന്‍ വന്നതായിരുന്നു. എന്നാല്‍, പാന്റ്‌സ് ഇട്ടാലേ മാളില്‍ പ്രവേശനം അനുവദിക്കൂവെന്ന് പറഞ്ഞ് പ്രവേശനകവാടത്തില്‍ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞു. 
മുണ്ടുടുത്തവരെ മാളില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് സുരക്ഷാ ജീവനക്കാരന്‍ പറയുന്നത് നാഗരാജ് ചിത്രീകരിച്ച വീഡിയോയില്‍ കാണാം. ഇതേത്തുടര്‍ന്ന്, ബുധനാഴ്ച രാവിലെ മാളിനു മുന്നില്‍ കന്നഡസംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതിനിടെ മാള്‍ അധികൃതര്‍ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ മാളിനെതിരേ നടപടിയെടുത്തിരിക്കുന്നത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *