അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിൽ പ്രേക്ഷകരെ ചിരിപ്പിക്കാം, കരയിപ്പിക്കാം, പക്ഷേ പേടിപ്പിക്കാൻ പാടാണെന്നാണ് സിനിമാക്കാർക്കിടയിൽ സാധാരണയായുള്ള സംസാരം. ലോകസിനിമയിലെ തന്നെ ഏറെ ശ്രദ്ധേയമായ ഹൊറർ സിനിമകളൊക്കെ കണ്ട് തഴക്കം വന്ന മലയാളികൾക്കു മുന്നിലേക്ക് ‘ഗു’ എന്ന ഫാന്‍റസി ഹൊറർ ചിത്രവുമായി നവാഗതനായ സംവിധായകൻ മനു രാധാകൃഷ്ണൻ എത്തുകയാണ്. കഥയിൽ കാമ്പുള്ളതു കൊണ്ടും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഒട്ടേറെ രംഗങ്ങള്‍ ഉള്ളതുകൊണ്ടും മെയ് 17ന് തിയേറ്ററുകളിലെത്തിയ ചിത്രം കുടുംബങ്ങളുടേയും കുട്ടികളുടേയും പ്രിയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം റീ റിലീസ് ചെയ്യുകയാണ്. ജൂലൈ 18ന് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തും.
മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ പുരാതനമായൊരു തറവാടായ അരിമണ്ണ തറവാട്ടിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഗുളികൻ തെയ്യത്തിന്‍റെ പശ്ചാത്തലത്തിൽ മിന്ന എന്ന പെൺകുട്ടിയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഏറെ ദുരൂഹമായതും ഭയം ജനിപ്പിക്കുന്നതും അതോടൊപ്പം കൗതുകം പകരുന്നതുമായ ഒട്ടേറെ ദൃശ്യങ്ങളും സംഭവങ്ങളും ചിത്രത്തിലുണ്ട്. മലയാളത്തിലെ ഹൊറർ സിനിമകളിൽ മുന്നിലുള്ള ‘അനന്തഭദ്ര’ത്തിന് ശേഷം ‘ഗു’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഭീതിയുടെ കാണാക്കാഴ്ചകളുടെ മായാലോകത്തിലേക്ക് കൊണ്ടുപോകുകയാണ് മണിയൻപിള്ള രാജു പ്രൊഡക്ഷൻസ്.
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും പാട്ടുകളുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. ‘മാളികപ്പുറ’ത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും അച്ഛനും മകളുമായി വീണ്ടും എത്തുകയാണ് ഈ സിനിമയിലൂടെ. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’.
നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
ALSO READ : ‘പ്രീസ്റ്റി’ന് ശേഷം ജോഫിന്‍ ടി ചാക്കോ; ആസിഫ് അലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി