പാലക്കാട്: മഴയുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് അവധി ചോദിച്ച് വിളിക്കുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടറുടെ അഭ്യര്‍ത്ഥന.
ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട കുട്ടികളെ,

ഏതു സമൂഹത്തിലും സ്വതന്ത്രമായി തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവസരമുണ്ടാവുക എന്നത് വളർച്ചയുടെ ലക്ഷണമാണ്. പ്രത്യേകിച്ച് ഒരു ജനാധിപത്യ സംവിധാനത്തിൽ. നിങ്ങൾ ചെറുപ്രായത്തിൽ തന്നെ നിങ്ങളുടെ ചെറിയ ആവശ്യങ്ങൾ അവസരോചിതമായി ഉന്നയിക്കുന്നത് കാണുക എന്നത് സന്തോഷം നൽകുന്ന അനുഭവമാണ്.

മഴക്കെടുതികൾ കാരണം വിദ്യാലയങ്ങൾക്ക് അവധി നൽകുന്നതിനു മുൻപ് കാലാവസ്ഥ വകുപ്പിന്റെ അലർട്ട് മാത്രമല്ല തഹസിൽദാർമാർ വഴി ഓരോ താലൂക്കിലെയും അന്നേദിവസത്തെ മഴയുടെ അവസ്ഥയും പാലങ്ങളുടെ അപകടാവസ്ഥയും പുഴകളിലെ ജലനിരപ്പും വെള്ളക്കെട്ടിന്റെ അവസ്ഥയും മറ്റും അന്വേഷിച്ച് നിങ്ങളുടെ സുരക്ഷയ്ക്ക് തടസ്സമുണ്ടാക്കിയേക്കാവുന്ന എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് അവധി നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത്.

മഴക്കാലം ആരംഭിച്ച് കഴിഞ്ഞാൽ ഓരോ ദിവസവും നൂറുകണക്കിന് കോളുകളാണ് അവധി ചോദിച്ചു കൊണ്ട് കളക്ടറുടെ ഒഫീഷ്യൽ മൊബൈൽ ഫോണിലേക്ക് വരുന്നത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഏതെങ്കിലും മഴക്കെടുതി സംബന്ധിച്ച് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ വിളിക്കുന്ന സമയത്തായിരിക്കും കളക്ടർക്കോ കൂടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കോ വിദ്യാർത്ഥികളുടെ അവധി ചോദിച്ചുള്ള കോളുകൾ എടുക്കേണ്ടി വരുന്നത്. ഇത് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

നിങ്ങൾ അവധി ആവശ്യപ്പെട്ട് വിളിച്ചാലും ഇല്ലെങ്കിലും സുരക്ഷ സംബന്ധിച്ച് മുൻകരുതലുകൾ എടുക്കാൻ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരാണ്. അവധി നൽകാൻ തീരുമാനമെടുത്താൽ പത്രമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും വിവരം നിമിഷങ്ങൾക്കകം നിങ്ങളിലേക്ക് എത്തും. ഒഫീഷ്യൽ മൊബൈൽ ഫോണിൽ അവധി ചോദിച്ച് വിളിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. രക്ഷിതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ അഭ്യർത്ഥിക്കുന്നു.

 

By admin

Leave a Reply

Your email address will not be published. Required fields are marked *