ഗുളികൻ തെയ്യത്തിൻറെ പശ്ചാത്തലത്തിൽ മിന്ന എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ‘ഗു’ എന്ന ഹൊറർ ഫാൻറസി ചിത്രം റീ റിലീസിന്. ഏറെ ദുരൂഹമായതും ഭയം ജനിപ്പിക്കുന്നതും അതോടൊപ്പം കൗതുകം പകരുന്നതുമായ ഒട്ടേറെ കാര്യങ്ങളുമായി കഴിഞ്ഞ മെയ് 17-ന് തിയേറ്ററുകളിൽ എത്തിയിരുന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരുന്നു.
പക്ഷേ മലയാളത്തിലേയും അന്യഭാഷകളിലേയും ഒട്ടേറെ സിനിമകളുടെ കുത്തൊഴുക്കിൽ ചിത്രം തിയേറ്ററിൽ നിന്ന് മാറ്റുന്നതിന് അണിയറപ്രവർത്തകർ നിർബന്ധിതരായിരുന്നു. കുടുംബ പ്രേക്ഷകർ അടക്കമുള്ളവരുടെ അഭ്യർത്ഥനയെ തുടർന്ന് ചിത്രം ഇപ്പോൾ വീണ്ടും ജൂലൈ 18-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഹൊറർ സിനിമകളിൽ മുന്നിലുള്ള ‘അനന്തഭദ്ര’ത്തിന് ശേഷം ‘ഗു’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഭീതിയുടെ കാണാക്കാഴ്ചകളുടെ മായാലോകത്തിലേക്ക് കൊണ്ടുപോകുകയാണ് മണിയൻപിള്ള രാജു പ്രൊഡക്ഷൻസ്.
നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും പാട്ടുകളുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം.
സൈജു കുറുപ്പാണ് മിന്നയുടെ അച്ഛൻ കഥാപാത്രമായെത്തുന്നത്. ‘മാളികപ്പുറ’ത്തിന് ശേഷം സൈജു കുറുപ്പും ദേവനന്ദയും അച്ഛനും മകളുമായി വീണ്ടും എത്തുകയാണ് ഈ സിനിമയിലൂടെ. നടി അശ്വതി മനോഹരൻ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ബി.ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണൻറെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ‘ഗു’.
നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീതം: ജോനാഥൻ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ, എഡിറ്റിംഗ്‌: വിനയൻ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂ‍ർ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ: ദിവ്യാ ജോബി, പ്രൊഡക്ഷൻ കൺട്രോളർ‍: എസ്.മുരുകൻ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: എൻ ഹരികുമാർ‍, വിഎഫ്എക്സ്: കൊക്കനട്ട് ബഞ്ച്, സ്റ്റിൽസ്: രാഹുൽ രാജ് ആർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്. വിതരണം: ഗുഡ് ഫെല്ലാസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *