തദ്ദേശ തെരഞ്ഞെടുപ്പ്: വിജയം ലക്ഷ്യമിട്ട് കഠിനാധ്വാനത്തിന് കോൺഗ്രസ്: ചുമതലകൾ നേതാക്കൾക്ക് വീതിച്ചു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് വൻ പദ്ധതികളുമായി കോൺഗ്രസ്. സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല 14 നേതാക്കൾക്ക് വീതിച്ചു നൽകി. മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല മുതിര്‍ന്ന നേതാക്കൾക്കടക്കം നൽകി. മൂന്ന് വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്ക് സംസ്ഥാനത്തെ മൂന്ന് മേഖലയാക്കി തിരിച്ച് ചുമതലകൾ നൽകി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വയനാട്ടിലാണ് പ്രത്യേക ക്യാമ്പ് നടത്തിയത്.
മുനിസിപ്പൽ കോര്‍പറേഷനുകളുടെ ചുമതല ഇങ്ങനെയാണ്. കണ്ണൂര്‍ – കെ സുധാകരൻ (കെപിസിസി പ്രസിഡൻ്റ്), കോഴിക്കോട് – രമേശ് ചെന്നിത്തല (കോൺഗ്രസ് പ്രവര്‍ത്തക സമിതിയംഗം), തൃശ്ശൂര്‍ – റോജി എം ജോൺ, കൊച്ചി – വിഡി സതീശൻ, കൊല്ലം – വിഎസ് ശിവകുമാര്‍, തിരുവനന്തപുരം – പിസി വിഷ്ണുനാഥ്. വര്‍ക്കിങ് പ്രസിഡൻ്റുമാരായ ടി സിദ്ധിഖിന് വടക്കൻ മേഖലയുടെയും ടിഎൻ പ്രതാപന് മധ്യ മേഖലയുടെയും കൊടിക്കുന്നിൽ സുരേഷിന് ദക്ഷിണ മേഖലയുടെയും ചുമതല നൽകി.
14 ജില്ലകളിലും 14 നേതാക്കൾക്ക് മേൽനോട്ട ചുമതലയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തിരുവനന്തപുരം,അടൂര്‍ പ്രകാശ് എംപി കൊല്ലം,പത്തനംതിട്ട ഷാനിമോള്‍ ഉസ്മാന്‍,ആലപ്പുഴ മുന്‍മന്ത്രി കെ.സി.ജോസഫ്, കോട്ടയം ബെന്നി ബെഹനാന്‍ എംപി, ഇടുക്കി ജോസഫ് വാഴയ്ക്കന്‍, എറണാകുളം ആന്റോ ആന്റണി, തൃശ്ശൂര്‍ എ.പി.അനില്‍കുമാര്‍, പാലക്കാട് ടി.എന്‍ പ്രതാപന്‍,മലപ്പുറം എം.കെ.രാഘവന്‍ എംപി, കോഴിക്കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വയനാട് സണ്ണിജോസഫ് എംഎല്‍എ, കണ്ണൂര്‍ ടി.സിദ്ധിഖ് എംഎല്‍എ, കാസര്‍ഗോഡ് ഷാഫിപറമ്പില്‍ എംപി എന്നിവര്‍ക്കും നല്‍കി.
പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.പാലക്കാട് റെയില്‍വെ ഡിവിഷന്‍ വിഭജനത്തിനെതിരേ വി.കെ.ശ്രീകണ്ഠന്‍ എംപി പ്രമേയം അവതരിപ്പിച്ചു.പാലക്കാട് ഡിവിഷനെ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു. കേരളത്തിന്റെ റെയില്‍വെ വികസനത്തിന് തുരങ്കം വെയ്ക്കുന്ന ഈ നടപടിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെങ്കില്‍ യുഡിഎഫ് എംപിമാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു.
ജനങ്ങള്‍ക്ക് മഴക്കെടുതി മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെട്ടതാണ് ജനങ്ങള്‍ക്ക് ഇത്രയും വലിയ ദുരിതം ഉണ്ടാകാന്‍ കാരണമെന്നും ക്യാമ്പ് വിലയിരുത്തി. പകര്‍ച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും മറ്റും നല്‍കേണ്ട നഷ്ടപരിഹാരം കാലതാമസമില്ലാതെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഠിനപ്രയത്നം വേണമെന്ന ഹൈക്കമാൻ്റ് നിർദ്ദേശം അടിസ്ഥാനമാക്കിയാണ് നീക്കം. വിഭാഗീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഹൈക്കമാൻ്റിന്റെ കർശന നിർദേശമുണ്ട്.