ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ പുതിയ നിബന്ധനയുമായി ബിസിസിഐ; 3 താരങ്ങള്‍ക്ക് മാത്രം ഇളവ്
മുംബൈ: ഇന്ത്യുടെ ടെസ്റ്റ് ടീമില്‍ കളിക്കണമെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിരിക്കണമെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കുന്നു. വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഇതില്‍ ഇളവുണ്ടാകുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവരായിരിക്കും അത്.
മറ്റ് താരങ്ങളെല്ലാം ഓഗസ്റ്റില്‍ നടക്കുന്ന ബംഗ്ലാദേശ് പരമ്പരക്ക് തൊട്ടു മുമ്പ് നടക്കുന്ന ദുലീപ് ട്രോഫി മത്സരങ്ങളില്‍ പങ്കെടുത്താല്‍ മാത്രമെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കൂ. ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് ഇത്തവണ സോണല്‍ സെലക്ഷന്‍ കമ്മിറ്റിയല്ല ടീമിനെ തെരഞ്ഞെടുക്കുക എന്ന പ്രത്യേകതയുമുണ്ട്. ദേശീയ സെലക്ടര്‍മാര്‍ തന്നെയാകും ദുലീപ് ട്രോഫിക്കുള്ള ടീമിനെയും തെരഞ്ഞെടുക്കുക.
ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനിടയുള്ളവരെയെല്ലാം സെലക്ടര്‍മാര്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. രോഹിത്തിനും ബുമ്രക്കും കോലിക്കും ദുലീപ് ട്രോഫിയില്‍ നിന്ന് വേണമെങ്കില്‍ വിട്ടു നില്‍ക്കാം. ഗൗതം ഗംഭീര്‍ പരിശീലകനായശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശിനെതിരെ നടക്കുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
ഈ മാസം അവസാനം ശ്രീലങ്കക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരയോടെയാണ് പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീര്‍ അരങ്ങേറുന്നത്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയിലുള്ളത്. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.ഏകദിന ടീം നായകനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി20 ടീമിനെ സൂര്യകുമാര്‍ യാദവായിരിക്കും നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്.